ആലപ്പുഴ: എസ്.എസ്. എഫ് 28-ാമത് എഡിഷൻ സാഹിത്യോത്സവിന് പ്രൗഢ തുടക്കം കുറിച്ചു.ചിട്ടയോടെയും വ്യവസ്ഥാപിതമായും നടന്നുകൊണ്ടിരിക്കുന്ന സാഹിത്യോത്സവ് ഇതിനോടകം തന്നെ മുഖ്യധാരാ കലാമേളകളിൽ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.
പ്രാഥമിക ഘട്ടമായ ബ്ലോക്ക് തലത്തിൽ ആണ് മത്സരം നടക്കുന്നത്. മാവേലിക്കര ഡിവിഷൻ പരിധിയിലെ കാഞ്ഞിപ്പുഴ യൂണിറ്റിലെ പള്ളിമുക്ക് ബ്ലോക്കിൽ ജില്ലാ ഉദ്ഘാടനം നടന്നു. പി എൻ നിസാമുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മഹ്ളരി ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ എം മുഹമ്മദ് വിശിഷ്ടാതിഥിയായി എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നസറുദ്ദീൻ സാർ സന്ദേശം കൈമാറി.
ചടങ്ങിൽ എ കെ എം ഹാഷിർ സഖാഫി,നസീം ചീനംവിള,ഖലീൽ റഹ്മാൻ മുഖ്യാതിഥികളായി. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാതലങ്ങളിൽ മത്സരം നടക്കും. ജില്ലാ മത്സരം സെപ്റ്റംബർ രണ്ടാംവാരം നടക്കും. നൂറിൽപരം ഇനങ്ങളിൽ ഇരുപതിനായിരത്തിലധികം പ്രതിഭകൾ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, ജൂനിയർ, സീനിയർ, ക്യാമ്പസ് വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. ജില്ലാ ജനറൽ സെക്രട്ടറി സനോജ് സലീം,സാഹിത്യോത്സവ് സമിതി ചെയർമാൻ അജ്മൽ ജൗഹരി അസ്സഖാഫി, ഫായിസ് മുഹമ്മദ്,അൻസർ അസ്ലമി തുടങ്ങിയവർ സംബന്ധിച്ചു.