ജയം തുടരാൻ മഞ്ഞപ്പട, ക്വാർട്ടർ ഉറപ്പിക്കാൻ ഇക്വഡോർ: കോപ്പയിൽ ഇന്ന് തീപാറും


കോപ്പ അമേരിക്കയിൽ ബ്രസീൽ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീൽ ഇക്വഡോറാണ് ബ്രസീലിൻ്റെ എതിരാളികൾ. ടൂർണമെൻ്റിൽ കളിച്ച മത്സരങ്ങൾ എല്ലാം വിജയിച്ച് തകർപ്പൻ ഫോമിലാണ് ബ്രസീൽ നിൽക്കുന്നത്. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി നിൽക്കുന്ന അവർക്ക് ഇന്നത്തെ മത്സരം ജയിച്ചില്ലെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ക്വാർട്ടറിലേക്ക് മുന്നേറാം. പക്ഷേ ഇന്നത്തെ മത്സരവും കൂടി ജയിക്കാൻ തന്നെയാകും ടിറ്റെയുടെ ബ്രസീൽ സംഘം ഇറങ്ങുന്നത്. അതേസമയം ഒറ്റ ജയം പോലുമില്ലാതെയാണ് ഇക്വഡോർ വരുന്നത്. ഗ്രൂപ്പിൽ ആകെ രണ്ട് പോയിന്റ് മാത്രമുള്ള ഇക്വേഡോർ നിലവിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.

ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന വെനസ്വേലക്കും രണ്ട് പോയിൻ്റാണ് ഉള്ളത്. പെറുവിനെ നേരിടാൻ വെനസ്വേലയും ഇറങ്ങുമ്പോൾ ക്വാർട്ടറിലേക്കുള്ള അവസാന സ്ഥാനത്തിനായുള്ള പോരാട്ടം കടുക്കും. ബ്രസീലിനെതിരെ ജയിക്കാനായാൽ ഇക്വഡോറിന് നേരിട്ട യോഗ്യത നേടാം അല്ലാത്ത പക്ഷം വെനസ്വേലയുടെ തോൽവിക്കായി അവർക്ക് കാത്തിരിക്കേണ്ടി വരും.

അതേസമയം, ബ്രസീലിനെ തോൽപ്പിക്കുക എന്നത് ഇക്വഡോറിന് എളുപ്പമാകില്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിലും ലീഡ് എടുത്ത ശേഷം അവസാനം പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു ഇക്വഡോർ. മറുവശത്ത് കളിച്ച മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായാണ് ബ്രസീൽ വിജയിച്ചത്. മൂന്ന് കളികളിൽ നിന്നായി ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടിയ അവർ ആകെ ഒരു ഗോളാണ് വഴങ്ങിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പായതിനാൽ പരിശീലകനായ ടിറ്റെ ടീമിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ബ്രസീൽ സംഘത്തിൽ ഡഗ്ലസ് ലൂയിസ് ഒഴികെ ടീമിലെ എല്ലാ കളിക്കാർക്കും ടിറ്റെ അവസരം നൽകിക്കഴിഞ്ഞു.

ബ്രസീൽ ഗോൾവല കാക്കാനായി അവരുടെ സൂപ്പർ ഗോളിയായ ആലിസൺ തിരിച്ചെത്തിയേക്കും. ഇതോടൊപ്പം ടീമിലെ മറ്റു പൊസിഷനുകളിലും ബ്രസീൽ പരിശീലകൻ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. നെയ്മറിനും റിച്ചാർലിസനുമൊപ്പം മുന്നേറ്റം കൊഴുപ്പിക്കനായി ഫിർമിനോയും ആദ്യ ഇലവനിലെത്താനാണ് സാധ്യത. രണ്ട് വീതം ഗോളും അസിസ്റ്റും പേരിലാക്കി ടൂർണമെൻ്റിൽ മികച്ച ഫോമിൽ കളിക്കുന്ന നെയ്മർ തന്നെയാകും ശ്രദ്ധാകേന്ദ്രം.

മികച്ച ഫോമിൽ മുന്നേറുന്ന ബ്രസീൽ തുടർച്ചയായ പതിനൊന്നാം ജയമാണ് ലക്ഷ്യമിടുന്നത്. അതിനാൽത്തന്നെ ബ്രസീലിനെ തടയുക ഇക്വഡോറിന് എളുപ്പമാവില്ല. ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ വ്യക്തമായ ആധിപത്യം ബ്രസീലിനുണ്ട്. 33 കളികളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 27ലും ബ്രസീലാണ് ജയിച്ചത്. ഇക്വഡോറിന് ജയിക്കാനായത് രണ്ട് കളിയിൽ മാത്രം. ഒടുവിൽ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം ആയിരുന്നു. അന്ന് രണ്ട് ഗോളിനാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.