കോവിഡ് 19 വൈറസിന് എതിരായ വാക്സിനേഷൻ രാജ്യത്തുടനീളം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക അനുസരിച്ച് 32,17,60,077 വാക്സിൻ കുത്തിവയ്പ്പുകൾ ജൂൺ 27 വരെ നൽകി കഴിഞ്ഞു. വാക്സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് ആളുകൾ കോ-വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സ്ലോട്ടിനെ ആശ്രയിച്ചാണ് ആളുകൾ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. ഭക്ഷണം കഴിക്കാതെ വാക്സിനേഷൻ എടുക്കരുതെന്നും വാക്സിനേഷനു ശേഷമുള്ള ചില മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശം.
വാക്സിൻ സ്വീകരിച്ചതിന് ശേഷം വ്യക്തികൾക്ക് വാക്സിനേഷൻ സ്വീകരിച്ചു എന്നതിന് തെളിവായി ഒരു സർട്ടിഫിക്കറ്റും നൽകും. വിദേശത്തേക്ക് പോകുന്ന ആളുകൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ചില രാജ്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ മാർഗനിർദ്ദേശം കണക്കിലെടുത്ത്, കോ-വിൻ പോർട്ടൽ ഉപയോക്താക്കൾക്ക് അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അവരുടെ പാസ്പോർട്ട് നമ്പറുകളുമായി ലിങ്കു ചെയ്യാൻ ഒരു ഓപ്ഷനും ഉണ്ട്.
വിദേശ യാത്രയ്ക്ക് മുമ്പ് വാക്സിനേഷൻ വിശദാംശങ്ങൾ നൽകേണ്ടവർക്ക് ഇത് വലിയ ആശ്വാസമാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി പാസ്പോർട്ട് വിശദാംശങ്ങൾ എങ്ങനെ ബന്ധിപ്പിക്കാമെന്ന് ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റെപ് 1: http://cowin.gov.in ൽ ലോഗിൻ ചെയ്യുക
സ്റ്റെപ് 2: ‘Raise an Issue’ ബട്ടൺ തിരഞ്ഞെടുക്കുക
സ്റ്റെപ് 3: പാസ്പോർട്ട് ഓപ്ഷനിൽ ക്ലിക്കു ചെയ്യുക
സ്റ്റെപ് 4: ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് വ്യക്തിയെ തിരഞ്ഞെടുക്കുക
സ്റ്റെപ് 5: നിങ്ങളുടെ പാസ്പോർട്ട് നമ്പർ ശരിയായി നൽകുക
സ്റ്റെപ് 6: അപേക്ഷ സമർപ്പിക്കുക, നിങ്ങൾക്ക് പുതിയ സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലഭിക്കും
ഇക്കാര്യം സംബന്ധിച്ചുള്ള അടുത്ത ട്വീറ്റിൽ, സർട്ടിഫിക്കറ്റിലെ പേര് പാസ്പോർട്ടിലെ പേരുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വ്യക്തികൾക്ക് പേര് തിരുത്തലിനായി അഭ്യർത്ഥിക്കാമെന്നും ആരോഗ്യസേതു ആപ്പ് അറിയിച്ചു. എന്നാൽ, പേര് തിരുത്താനുള്ള അഭ്യർത്ഥന ഒരു തവണ മാത്രമേ ചെയ്യാൻ കഴിയൂ. അതിനാൽ തിരുത്തലുകൾ നടത്തുമ്പോൾ ആളുകൾ അതീവജാഗ്രത പാലിക്കണം.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പാസ്പോർട്ട് വിശദാംശങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് ഈ മാസം ആദ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തിനായോ തൊഴിലിനായോ അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന ആളുകൾക്കും ടോക്കിയോ ഒളിമ്പിക്സിനുള്ള ദേശീയ സംഘത്തിന്റെ ഭാഗമായുള്ളവർക്കും സർക്കാർ ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
നിലവിൽ രണ്ട് കോവിഡ് വാക്സിനുകളാണ് ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുള്ളത്. ഒന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഷീൽഡും മറ്റൊന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചാൽ തന്നെ നിങ്ങളുടെ പേര്, വയസ്, ലിംഗം,വാക്സിന്റെ പേര്, ആദ്യ ഡോസ് സ്വീകരിച്ച തീയതി എന്നിവ ഉൾക്കൊള്ളിച്ച ഒരു സർട്ടിഫിക്കറ്റ് ഗവൺമെന്റ് നൽകും. അതിനാൽ, വാക്സിൻ സ്വീകരിച്ചാൽ അടുത്തതായി ചെയ്യേണ്ട കാര്യം ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.