കണ്ണൂർ: സ്വർണക്കടത്ത് സംഘത്തിന്റെ ഉള്ളറകൾ വെളിവാക്കുന്ന പുതിയ ശബ്ദരേഖ പുറത്ത്. ക്വട്ടേഷൻ ടീമിൽ ആരൊക്കെയുണ്ട്, പൊട്ടിക്കുന്ന സ്വർണം(കവർച്ച നടത്തുന്ന സ്വർണം) എങ്ങനെ പങ്കിടണം തുടങ്ങിയവ വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സ്വർണ്ണക്കടത്തിൽ ടി.പി കേസ് പ്രതികളുടെ റോൾ എന്തൊക്കെയാണ് എന്നെല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തി
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് 'പാർട്ടി' എന്ന് വിശേഷിപ്പിക്കുന്നത്. ഇവർക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും സന്ദേശത്തിലുണ്ട്.
സ്വർണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സ്വർണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വർണം എന്തുചെയ്യണം, ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നവർക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാർട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.
കണ്ണൂർ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വർണക്കടത്തിന്റെ വിവരങ്ങൾ സ്വർണം പൊട്ടിക്കാൻ ഏൽപ്പിച്ച ആൾക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്. സ്വർണക്കടത്തിൽ ഇടപെടുന്നത് പാർട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരൻ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതിൽ ഇടപെടുന്നത് എന്ന് പറയുന്നുണ്ട്. കൊണ്ടുവരുന്ന സ്വർണം മൂന്നായി പങ്കുവെയ്ക്കും. അതിൽ ഒരുപങ്ക് ഇവർക്കാണ്.