പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രിംകോടതി റദ്ദാക്കി | Supreme Courtന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ ഹിമാചല്‍പ്രദേശ് ഷിംലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരേ ചുമത്തിയ രാജ്യദ്രോഹ കേസ് സുപ്രിംകോടതി റദ്ദാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹ കേസില്‍നിന്ന് സംരക്ഷണം വേണം. സുപ്രിംകോടതിയുടെ കേദാര്‍നാഥ് സിങ് കേസിലെ വിധിന്യായപ്രകാരമുള്ള (സെക്ഷന്‍ 124 എ ഐപിസി പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന്റെ കുറ്റകൃത്യത്തെ നിര്‍വചിക്കുന്ന) സംരക്ഷണത്തിന് എല്ലാ മാധ്യമപ്രവര്‍ത്തകരും അര്‍ഹരാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത വംശഹത്യാ അക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ചോദ്യം ചെയ്ത് മാര്‍ച്ചില്‍ തന്റെ യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത 15 മിനിറ്റ് ഷോയുടെ പേരിലാണ് വിനോദ് ദുവയ്‌ക്കെതിരെ ഹിമാചല്‍ പ്രദേശ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഷോയിലെ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി മഹാസു യൂനിറ്റ് പ്രസിഡന്റ് അജയ് ശ്യാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുവയ്‌ക്കെതിരേ പോലിസ് കേസെടുത്തത്.

രാജ്യദ്രോഹം, പൊതുശല്യം, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പോലിസ് എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍, പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷം എഫ്‌ഐആര്‍ സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളുള്‍പ്പെടുന്ന വിധി കേദാര്‍ സിങ് കേസില്‍ നടത്തിയിരുന്നുവെന്നും വിമര്‍ശനമെന്ന പേരില്‍ രാജ്യദ്രോഹം ചുമത്താനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ കൂടുതല്‍ ഉത്തരവ് വരുന്നതുവരെ കേസില്‍ ദുവയ്‌ക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് കഴിഞ്ഞവര്‍ഷം ജൂലൈ 20 ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിനോദ് ദുവെ നല്‍കിയ രണ്ടാമത്തെ ഹരജി ബെഞ്ച് നിരസിച്ചു. കമ്മിറ്റി അനുമതി നല്‍കിയില്ലെങ്കില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഹരജി നിയമനിര്‍മാണ മേഖലയിലേക്കുള്ള കടന്നുകയറ്റമാവുമെന്ന് കോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.