ഒന്നാം ക്ലാസ് മുതൽ പത്താം തരം വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പ്രധാനമന്ത്രിയുടെ വക 10000 രൂപ കോവിഡ് ധനസഹായം; വാർത്ത കേട്ട പാതി കേൾക്കാതെ പാതി അക്ഷയയിലേക്ക് രക്ഷിതാക്കളുടെ ഒഴുക്ക്..സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത്.?


മലയാളി എത്ര പറ്റിക്കപ്പെട്ടാലും പഠിക്കില്ല. ഒരിക്കൽ വീണ കുരുക്കിൽ പിന്നെയും പോയി ചാടും...! ഒന്നാം കോവിഡ് തരംഗത്തിനിടെ വന്ന അതേ തട്ടിപ്പ് വീണ്ടും ഇറങ്ങി, 'വിദ്യാർഥികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നു'.

അക്ഷയ കേന്ദ്രങ്ങളിലേക്കും ഓൺലൈൻ സേവന കേന്ദ്രങ്ങളിലേക്കും അച്ഛനമ്മമാർ ഒഴുകുകയാണ്. തട്ടിപ്പാണെന്നു പറഞ്ഞ് അക്ഷയക്കാർ അടുപ്പിക്കാതിരിക്കുമ്പോൾ, വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുകയാണിവർ. എറണാകുളം ജില്ലയിലാണ് വലിയതോതിൽ പ്രചാരം നടക്കുന്നതും ആളുകൾ പറ്റിക്കപ്പെടുന്നതും. അക്ഷയ അധികൃതർ മറുപടിപറഞ്ഞു മടുത്തു.

'കോവിഡ്-19 സപ്പോർട്ടിങ് പദ്ധതിപ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകും' -ഇതാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അധ്യാപകരടക്കം സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രശ്നം ഗുരുതരമായത്. 100 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നതെന്നതിനാൽ അച്ഛനമ്മമാർ 'ആവേശ'ത്തിലാണ്. പക്ഷേ, അപേക്ഷയ്ക്കൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുന്നുണ്ട്. ഇത് ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്.

അപേക്ഷയും രേഖകളും രജിസ്ട്രേഷൻ ഫീസും പോകുന്നത് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. വലിയ ബാങ്ക് തട്ടിപ്പിന് കളമൊരുങ്ങുന്നു എന്നാണ് സംശയമുയരുന്നത്.

ഇത്തരമൊരു പദ്ധതിയില്ലെന്നറിയാവുന്ന അക്ഷയക്കാർ തട്ടിപ്പ് ചൂണ്ടിക്കാട്ടി എല്ലാവരേയും തിരിച്ചയയ്ക്കുകയാണ്. പണമീടാക്കാമെന്നതിനാൽ വ്യാജസേവന കേന്ദ്രങ്ങൾ എല്ലാവർക്കും സഹായം ചെയ്തുകൊടുക്കുകയും ചെയ്യും.
നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതറിയാവുന്ന തട്ടിപ്പുസംഘം വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊരു സന്ദേശവും കൂടി വാട്സാപ്പിൽ പറക്കുന്നുണ്ട്, 'അഞ്ചാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്കോളർഷിപ്പ് നൽകുന്നു' എന്ന്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ 'ഫാക്ട് ചെക്ക്' വിഭാഗംതന്നെ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.