കാസർകോട്: നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി. വീടിന്റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് കേസ്. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.
ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേൽപറമ്പ പൊലീസ്, വസ്ത്രം പൊക്കി കാണിച്ചതിനും സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ വി കെ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ പി, സരള ടി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് മേൽപറമ്പ പൊലീസ് അറിയിച്ചു