ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ; ജോലി നഷ്ടമായത് കായിക ടൂറിസം വിഭാഗത്തിലെ 151 പേർക്ക്‌


കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ. ഇക്കുറി കായിക ടൂറിസം വിഭാഗത്തിലെ 151 ജീവനക്കാർക്ക്‌ തൊഴിൽ നഷ്ടമായി. കായിക ടൂറിസം വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരെയാണ് ജോലിയിൽ നിന്നും ഒഴിവാക്കിയത്. വിവിധ ദ്വീപുകളിലെ ജീവനക്കാരാണിവർ. ഇപ്പോൾ സീസൺ അല്ലാത്തതിനാലും സാമ്പത്തീക പ്രതിസന്ധി മൂലവുമാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്നു ജില്ലാ കളക്ടർ അസ്ഗർ അലിയുടെ ഉത്തരവിൽ പറയുന്നു.

എന്നാൽ സീസൺ ആകുമ്പോൾ ഇവരെ വീണ്ടും നിയമിക്കുന്ന കാര്യത്തെകുറിച്ചു ഉത്തരവിൽ പറയുന്നില്ല. നേരത്തെയും സമാനമായ രീതിയിൽ നടപടി ഉണ്ടായിരുന്ന കാര്യം ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അന്ന് ഒഴിവാക്കിയ ജീവനക്കാരെ പുനർവിന്യസം നടത്തിയിരുന്നതായി ദ്വീപുവാസികൾ പറയുന്നു.

അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ഇതൊന്നും ഭരണകൂടം കാര്യത്തിൽ എടുക്കുന്നില്ല. അതിൻറെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ പിരിച്ചു വിടൽ. താത്കാലിക ജീവനക്കാർ, ഓഫ്‌ സീസൺ എന്നുള്ള കാരണങ്ങൾ എല്ലാം ഉണ്ടെങ്കിൽ  കൂടിയും പറഞ്ഞുവിടാൻ  ഈ സമയം തന്നെ തെരഞ്ഞെടുക്കുന്നത് വ്യക്തമായ സൂചന സമരക്കാർക്ക് നൽകുന്നതിന് വേണ്ടി തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.

ദ്വീപിലെ  പ്രധാനപ്പെട്ട വിനോദ ഇനങ്ങളിൽ ഒന്നുകൂടിയാണ് കായിക ടൂറിസം മേഖല . സ്കൂബ ഡൈവിംഗ് , അണ്ടർ വാട്ടർ സ്പോട്സ് , അഡ്വെഞ്ചർ ബോട്ടിംഗ്  തുടങ്ങിയ മേഖലകളിൽ ഒട്ടനവധിപേർ വിവിധ ദ്വീപുകളിൽ  ജോലി ചെയ്യുന്നുണ്ട് . ഇവരിൽ ബഹുഭൂരിപക്ഷവും കരാർ ജീവനക്കാരാണ്. സാധാരണ ഗതിയിൽ ഓഫ് സീസൺ ആകുമ്പോൾ ടൂറിസ്റ്റുകളുടെ തിരക്ക് നന്നേ കുറയും. ഈ സമയത്ത് ഇവരെ മറ്റു പല മേഖലകളിലേക്കും പുനർവിന്യാസം നടത്താറുണ്ടായിരുന്നു .എന്നാൽ ഇക്കുറി അതുണ്ടായില്ല എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ദിവസം കൊച്ചിയിലെ  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രവർത്തിച്ചിരുന്ന  വിദ്യാഭ്യാസ വകുപ്പിൻറെ ഓഫീസ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചു വരാൻ നിർദേശിക്കുന്ന ഉത്തരവിൽ ഒരാഴ്ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.