കണ്ണൂർ: 18 കോടിയുടെ അത്യപൂര്‍വ മരുന്നിനായി കാരുണ്യം തേടിയ മാട്ടൂല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സക്കായി മലാളികള്‍ നല്‍കിയത് 18 കോടിയല്ല, 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും തുക സംഭാവന ചെയ്തതെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാന്‍ ആവശ്യമായ 18 കോടി രൂപക്കാണ് ചികിത്സാകമ്മിറ്റി സഹായം തേടിയിരുന്നത്. ആറ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത മാസം ആറിന് കുഞ്ഞിനായുള്ള മരുന്ന് നാട്ടിലെത്തും. ബാക്കിയുള്ള തുക സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം അറിയിച്ചു. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്കിയാല് രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്.