കോഴിക്കോട്: ഓരോ ദിവസം വൈകുന്തോറും 5 മാസം പ്രായമുള്ള ഇശൽ മറിയത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവു മങ്ങുകയാണ്. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുട്ടി ഇപ്പോൾ പാൽ കുടിക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുകയാണ്. എന്നാൽ, വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി എത്തിയിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്ന പശ്ചാത്തലത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. അതിനു മുൻപ് 18 കോടി രൂപ വിലവരുന്ന സോൾഗെൻസ്മ എന്ന ബ്രാൻഡിലുള്ള മരുന്ന് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തെങ്കിൽ മാത്രമേ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിക്കൂ.
ലക്ഷദ്വീപ് കടമത്ത് ദ്വീപ് സ്വദേശികളായ പി.കെ.നാസറിനും ഡോ.ജസീനയ്ക്കും 4 മാസം മുൻപാണ് ആദ്യ കുഞ്ഞായ ഇശൽ മറിയം പിറന്നത്. ഒന്നര മാസത്തിനു ശേഷമാണു തങ്ങളുടെ പൊന്നോമന മറ്റു കുഞ്ഞുങ്ങളിൽനിന്നു വ്യത്യസ്തയാണല്ലോ എന്നു ഇരുവരും ശ്രദ്ധിച്ചു തുടങ്ങിയത്. കുഞ്ഞ് കാൽ അനക്കുന്നില്ല എന്നതായിരുന്നു ആദ്യ ലക്ഷണം. തുടർന്നു നടത്തിയ പരിശോധനയിലാണ് അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ് വൺ ആണെന്നു കണ്ടെത്തുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഇശലിന്റെ അവസ്ഥ മോശമായി വന്നു. വീട്ടിൽ കളിയും ചിരിയും നിറയേണ്ട പ്രായത്തിൽ കഴുത്ത് അനക്കാൻ പോലും പിഞ്ചുകുഞ്ഞ് ഇപ്പോൾ പാടുപെടുകയാണ്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ചെങ്കിലും 2.5 കോടി രൂപ മാത്രമേ ആയിട്ടുള്ളൂ. ഇതേ അസുഖം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിനായി കൈകോർത്ത് 18 കോടി രൂപ ശേഖരിച്ച കേരളം ഇശലിനെയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ. കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലായിരുന്ന ഇമ്രാൻ മുഹമ്മദിനായും 16 കോടി ലഭിച്ചിരുന്നു. എന്നാൽ, കുട്ടി മരണപ്പെടുകയാണുണ്ടായത്.
ഇലക്ട്രിക്കൽ എൻജിനീയറായ നാസറും ഡോക്ടറായ ജസീനയും ബെംഗളൂരുവിലാണ് താമസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇശലിനെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. നിലവിൽ വീട്ടിൽ ഫിസിയോതെറപ്പി ചെയ്യുകയാണ്. ആക്സിസ് ബാങ്കിന്റെ ബെംഗളൂരു ഹെന്നൂർ ശാഖയിൽ പി.കെ.നാസറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 915010040427467. ഐഎഫ്എസ്സി– UTIB0002179. ഗൂഗിൾ പേ, യുപിഐ നമ്പർ: 8762464897.
http://linktr.ee/ishalfightssma എന്ന ലിങ്കിൽ കയറിയാൽ ഇശലിന്റെ ചികിത്സയ്ക്കായി എത്ര രൂപ ലഭിക്കുന്നുണ്ടെന്നു മനസ്സിലാക്കാനാകും. Milaap.org എന്ന വെബ്സൈറ്റ് വഴിയും പണം നൽകാം.