ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. രണ്ടു വര്‍ഷത്തോളമായി യുവതിയെ ബലാത്സംഗം ചെയ്തുവന്ന വികാസ് ചൗധരി. ബുഹ്റുസിങ് ജാട്ട് എന്നിവരും ബലാത്സംഗ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ ഗൗതം സൈനി എന്നയാളുമാണ് അറസ്റ്റിലായത്. യുവതിയെ ബലാത്സംഗം ചെയ്ത മൂന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ബലാത്സംഗ വീഡിയോ മറ്റാരെങ്കിലും പ്രചരിപ്പിച്ചോ എന്നത് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
രണ്ടു വര്‍ഷമായി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ് ജൂണ്‍ 28-നാണ് 21 വയസ്സുകാരി പോലീസിനെ സമീപിച്ചത്. രണ്ട് വര്‍ഷം മുമ്പ് പ്രതികള്‍ ചിത്രീകരിച്ച ബലാത്സംഗ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും ഈ വീഡിയോ അയച്ച് മറ്റൊരാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അതേസമയം, 2019-ല്‍ ആദ്യമായി ബലാത്സംഗത്തിന് ഇരയായപ്പോള്‍ പോലീസിനെ സമീപിച്ചിരുന്നതായും എന്നാല്‍ കേസെടുക്കാന്‍ കൂട്ടാക്കാതെ പോലീസ് തന്നെ തിരിച്ചയച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.
2019 ഏപ്രിലില്‍ ഒരു പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് യുവതിയെ സഹപാഠിയും മറ്റ് രണ്ടു പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോകള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നു. രണ്ടു വര്‍ഷത്തിനിടെ പല തവണ ഇത്തരത്തില്‍ യുവതി ബലാത്സംഗത്തിനിരയായി. അടുത്തിടെ, ഗൗതം സൈനി എന്നയാള്‍ ഇതേ വീഡിയോ യുവതിക്ക് അയച്ചു നല്‍കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.