ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല; പാലക്കാട് 24 കാരിയും 90ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി കഴിയുന്നത് സിറ്റൗട്ടിൽ: ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ്


പാലക്കാട്: പാലക്കാട് 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെയും അമ്മയെയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല. യുവതിയും കുഞ്ഞും ഒരാഴ്ചയായി വീടിന്റെ സിറ്റൗട്ടിൽ ആണ് താമസിക്കുന്നത്. തുടർന്ന് ഭർത്താവിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.

ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണനും (31) പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണു വിവാഹിതരായത്. ഈ മാസം ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി.

ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇൻസ്പെക്ടർ‍ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു.

യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി. വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകുമെന്നും കോടതി ഉത്തരവു ലഭിച്ചാ‍ൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും മനു കൃഷ്ണൻ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.