ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ 25 കിലോയോളം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ എംസി റോഡിൽ ബദൽ ജംഗ്ഷൻ സമീപമാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. രണ്ട് വലിയ പെട്ടികളിൽ വലിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ബസ്സിൽ ചെങ്ങന്നൂരിൽ എത്തിയശേഷം എംസി റോഡിൽ കൂടി രണ്ട് ട്രോളി ബാഗുകളിൽ ആയി കടത്തിക്കൊണ്ടുപോയ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ചെങ്ങന്നൂർ മുളക്കഴ പെരിങ്ങാല സ്വദേശി സാഗർ ( 22), തിരുവല്ല ചുമത്ര സ്വദേശി സിയാദ്( 26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എസ്ഐ പ്രതിഭാ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും ആണ് പ്രതികൾ കഞ്ചാവ് ചെങ്ങന്നൂരിൽ എത്തിച്ചു എന്നാണ് പ്രാഥമിക വിവരം.