ചരിത്രത്തിൽ ആദ്യമായി മിൽമയുടെ ഭരണം എൽഡിഎഫിന്; 38 വർഷത്തെ ചരിത്രം തിരുത്തി എഴുതി ഇടതുമുന്നണി


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ ഭരണം എൽഡിഎഫിന്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ എസ് മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10 നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്.

ഭരണത്തില്‍ എത്തുമ്പോഴെല്ലാം മില്‍മ ഫെഡറേഷന്റെ ഭരണം പിടിക്കാന്‍ സിപിഎം ശ്രമം നടത്താറുണ്ടായിരുന്നു. ആ നീക്കത്തില്‍ ആദ്യമായി ഇത്തവണയാണ് സിപിഎം വിജയിക്കുന്നത്. പിഎ ബാലന്‍ മാസ്റ്റര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മില്‍മ മലബാര്‍ മേഖല യൂണിയന്‍ സിപിഎം നേരത്തെ പിടിച്ച് കഴിഞ്ഞിരുന്നു. ഈ മേഖലയില്‍ നിന്നും ഫെഡറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാല് പേരുണ്ട്.

അഞ്ച് അംഗങ്ങള്‍ ഉള്ള എറണാകുളം മേഖലാ യൂണിയന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. ഇവിടെ നിന്നുള്ള വ്യക്തിയായിരുന്നു ബാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഭാസ്കരന്‍ ആദംകാവിലിനെ ചൊവ്വാഴ്ച തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യുണിയന്‍ ഭരണസമിതി സര്‍ക്കാര്‍ നേരത്തെ പിരിച്ച് വിട്ടിരുന്നു. മൂന്ന് അംഗങ്ങളായിരുന്നു ഇവിടെ നിന്നും ഉണ്ടായിരുന്നത്. ഇവരുടെ വോട്ടവകാശം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇന്നത്തെ തെരഞ്ഞെടുപ്പിന്റെ അന്തിമവിധി വരുന്നത് ഓഗസ്റ്റ് പതിനൊന്നിനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും. പിരിച്ചുവിടപ്പെട്ട തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിൽനിന്ന് മൂന്ന് പ്രതിനിധികളാണ് ഇപ്പോൾ ഉള്ളത്. അവരുടെ വോട്ടവകാശം ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിൽ, വോട്ടുചെയ്യിച്ചശേഷം അത് പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കാനും കോടതിവിധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നുമാണ് ഉത്തരവ്. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, ഡെയറി ഡയറക്ടർ, ധനകാര്യവകുപ്പ് അസി. സെക്രട്ടറി, നാഷണൽ ഡെയറി ഡയറക്ടർ ബോർഡ് പ്രതിനിധി എന്നിവരും ഫെഡറേഷൻ ഡയറക്ടർ ബോർഡിലെ ഉദ്യോഗസ്ഥ അംഗങ്ങളാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.