തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; 4 പേര്‍ അറസ്റ്റിൽ


തിരുവനന്തപുരം: നഗരത്തില്‍ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീണ്‍, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശല്യചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്. മറ്റു രണ്ടുപേര്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പേട്ടയ്ക്ക് സമീപം ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരായ രവിയാദവ്, ജസ്വന്ത് എന്നിവര്‍ക്ക് വെട്ടേറ്റത്. കുടുംബസമേതം നടന്നുപോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ ഇവരുടെ ഭാര്യമാരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്.

കേസില്‍ പ്രതികളെ പിടികൂടാന്‍ വിവിധസംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ മൂന്നുദിവസത്തിന് ശേഷം കൊല്ലത്തുനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പിടിയിലായ രാകേഷാണ് സ്ത്രീകളെ ശല്യംചെയ്തത്. തുടര്‍ന്ന് ചോദ്യംചെയ്ത ഭര്‍ത്താക്കന്മാരെയും ഇയാള്‍ ആക്രമിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രവീണും ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതില്‍ പങ്കാളിയായി. സംഭവത്തിന് ശേഷം ഇരുവരെയും ഷിബുവാണ് തിരുവല്ലത്ത് എത്തിച്ചത്. അവിടെനിന്ന് അഭിജിത്തിന്റെ സഹായത്തോടെ പ്രതികള്‍ കൊല്ലത്തേക്കും മുങ്ങി.

പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ കൊച്ചുരാകേഷ് നേരത്തെയും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളാണ്. ഇയാള്‍ക്കെതിരേ ഒട്ടേറെ കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മോഷണക്കേസില്‍ പിടിയിലായി രണ്ടുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചശേഷം 2019 ഫെബ്രുവരിയിലാണ് രാകേഷ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

കേസില്‍ പ്രതികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനാണ് പോലീസിന്റെ ശ്രമം. സ്ത്രീകള്‍ക്കെതിരേ നാട്ടില്‍ ഒരു ഭീകരാന്തരീക്ഷം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അത്തരക്കാര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. നാലുപേരെ പിടികൂടിയത് കേസിന്റെ ആദ്യഘട്ടമാണെന്നും ഇവരെ സഹായിച്ചവരെ അടക്കം എല്ലാപ്രതികളെയും ഉടന്‍ പിടികൂടുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.