സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷം; നാലു ജില്ലകളിൽ വാക്സിനേഷനില്ല, 5 ജില്ലകളിൽ കൊവാക്സിൻ മാത്രം


തിരുവനന്തപുരം: കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. അവശേഷിച്ച സ്റ്റോക്കിൽ ഇന്നലെ 2 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സീൻ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 29-നേ എത്തൂവെന്നാണ് അനൗദ്യോഗിക വിവരം.

പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവർ, യാത്രയ്ക്കായി വാക്സിൻ വേണ്ടവർ എന്നിവർ കൂടുതൽ പ്രതിസന്ധിയിലാകും. അതേസമയം, സ്വകാര്യമേഖലയിൽ ബുക്ക് ചെയ്ത വാക്സീൻ ലഭിക്കും. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്‌സിനുകളുടെ അളവ് കുറവാണ്.

ശനിയാഴ്ച 1522 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേർക്കാണ് വാക്സീൻ നൽകിയത്. ഇത് റെക്കോർഡായിരുന്നു.

കേരളത്തിൽ പതിനെട്ട് വയസ്സിന് മുകളിലുള്ള 1.48 കോടിപേർക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീൻ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.

കൃത്യമായ രീതിയിൽ കൂടുതൽ ഡോസ് വാക്സീൻ കേരളത്തിന് അനുവദിക്കണമെന്നാവ‌ശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.