റിയാദ്: ആഗോളതലത്തിൽ ജീവകാരുണ്യ സഹായവുമായി സൗദി അറേബ്യ. കിങ് സല്മാന് റിലീഫ് സെന്ററിന് (കെ.എസ് റിലീഫ് സെന്റര്‍) കീഴില്‍ 69 രാജ്യങ്ങളില്‍ അഞ്ച് ശതകോടി ഡോളറിലധികം വിവിധ ദുരിതാശ്വാസ പദ്ധതികള്‍ക്ക് ചെലവഴിച്ചെന്ന് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
അന്താരാഷ്ട്ര വികസനത്തിന് വേണ്ടിയുള്ള അമേരിക്കന്‍ ഏജന്‍സിയായ യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റിന്റെ അഡ്മിനിസ്ട്രേറ്റര്‍ സാമന്ത പവറുമായി വിഡിയോ കാള്‍ വഴി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഡോ.അബ്ദുല്ല അല്‍റബീഅ ലോകത്തിന് സൗദി നല്കിക്കൊണ്ടിരിക്കുന്ന സഹായത്തെക്കുറിച്ച് വ്യക്തമാക്കിയത്. കെ.എസ്. റിലീഫ് സെന്റര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ അദ്ദേഹം വിവരിച്ചുകൊടുത്തു.
‘ഇതുവരെ 1,689 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതിലേറ്റവും വലിയ പങ്ക് ലഭിച്ചത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്ന യമനിലാണ്. ഇതുകൂടാതെ കോവിഡ് വ്യാപനം തടയാന്‍ പല രാജ്യങ്ങള്‍ക്കും സഹായം നല്കിസന്നദ്ധപ്രവര്ത്തനം, അനുഭവ പരിജ്ഞാനങ്ങളുടെ കൈമാറ്റം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും’- ഡോ.അബ്ദുല്ല അല്‍റബീഅ വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ് റിലീഫ് കേന്ദ്രം വഴി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തു പറത്തു. ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കാണ് സെന്റര്‍ സഹായം എത്തിക്കുന്നതെന്നും അര്‍ഹതപ്പെട്ട പ്രദേശങ്ങളെയാണ് ഇൗ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സാമന്ത പവര്‍ സൂചിപ്പിച്ചു.