കൊല്ലം: വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.
പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.