സർക്കാരിന് കനത്ത തിരിച്ചടി; നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി: പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി


ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. കേസ് പിൻവലിക്കാനുള്ള തീരുമാനം തെറ്റെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. എംഎല്‍എമാരുടെ പ്രവര്‍ത്തനം ഭരണഘടന ലംഘനമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര് ഭേദിച്ചു.
സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാർച്ച് 13ന് കെ എം മാണിയുടെ 13ാം ബജറ്റ് അവതരണ ദിനത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്. അഞ്ച് എം എല്‍ എമാര്‍ക്കെതിരേയുണ്ടായ സസ്‌പെന്‍ഷനിലും ക്രമിനല്‍ കേസിലുമാണ് അന്നത്തെ പ്രതിഷേധം അവസാനിച്ചത്.പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.

സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു. വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും, ശിവദാസന്‍ നായര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ഇ എസ് ബിജുമോള്‍ എം എല്‍ എയെ ഷിബു ബേബിജോണ്‍ തടഞ്ഞതും വിവാദമായിരുന്നു. കെ കെ ശൈലജയ്ക്കുനേരെ എം എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാരും പാഞ്ഞടുത്തു.

വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കര്‍ എന്‍ ശക്തന്‍ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ എം മാണി ഇതിനിടയില്‍ ബജറ്റ് വായിച്ചുതുടങ്ങിയിരുന്നു. കുറച്ചുവരികള്‍ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ലഡു വിതരണം ചെയ്തും മാണിയെ ആശ്ലേഷിച്ചും ഭരണപക്ഷ എം എല്‍ എമാര്‍ രംഗത്തെത്തുകയായിരുന്നു.

സംഭവത്തിന്റെ പേരിൽ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് എടുത്തത്. പിന്നീട് വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. എന്നാൽ കേസ് പിൻവലിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടയുകയും കേസിൽ ആരോപണ വിധേയർ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തലയും സുപ്രീംകോടതിയിൽ തടസഹർജി നൽകി.

കേസിന്റെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമാണെന്നാണ് കോടതി ചോദിച്ചത്. എം എല്‍ എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നും കോടതി വ്യക്തമാക്കി. എം എൽ എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.

എം എൽ എമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദത്തിൽ ഉറച്ച് നിന്ന സംസ്ഥാന സർക്കാർ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കേസ് പിൻവലിക്കണമെന്നും വാദം ഉന്നയിച്ചിരുന്നു. സാക്ഷികളുടെ മൊഴി അവ്യക്തമാണ്. സഭാംഗങ്ങൾക്ക് ഭരണഘടനപരമായ പരിരക്ഷയുണ്ട്. രാഷ്ട്രീയ ത൪ക്കത്തിന്റെ ഭാഗമായുണ്ടാകുന്ന കുറ്റകൃത്യങ്ങളെ മറ്റ് കുറ്റകൃത്യങ്ങളായി കാണാനാകില്ല തുടങ്ങിയ വാദങ്ങൾ സംസ്ഥാന സ൪ക്കാ൪ ഉന്നയിച്ചു.

എന്നാൽ സഭക്കകത്ത് എം എൽ എ തോക്കുപയോഗിച്ചാൽ നിയമസഭയാണോ നടപടിയെടുക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുചോദ്യം. പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതൽ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങൾ നടക്കാകാറുണ്ട്. അതിന്റെ പേരിൽ കോടതി വസ്തു വകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമ൪ശിച്ചു.

പൊതുമുതൽ നശിപ്പിച്ചാൽ നിയമസഭാംഗമെന്ന് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് തടസ ഹർജി നൽകിയ രമേശ് ചെന്നിത്തലക്ക് വേണ്ടി മുതി൪ന്ന അഭിഭാഷകൻ മഹേഷ് ജത്മലാനിയും വാദിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.