കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭർത്താവിൽ നിന്നും ഗർഭം ധരിക്കണം; യുവതിയുടെ ആവശ്യം അംഗീകരിച്ച് കോടതി


അഹമ്മദാബാദ്: കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ഭാര്യയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാംപിൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.

രണ്ടാഴ്ച മുമ്പാണ് വഡോദര സ്വദേശിയായ യുവാവ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായത്. അന്നു മുതൽ വഡോദരയിലെ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് യുവാവിന്‍റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം യുവതി മുന്നോട്ടുവെച്ചത്. എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്.

ഇതോടെയാണ് വളരെ വേഗം ഒരു അഭിഭാഷകൻ മുഖേന യുവതി കോടതിയെ സമീപിച്ചത്. യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള കേസ് എന്ന നിലയിൽ വളരെ വേഗം വാദം കേൾക്കുകയും ബീജം ശേഖരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്രിമ ഗര്‍ഭധാരണത്തിന് വേണ്ട ബീജ സാംപിള്‍ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും കോടതി ആശുപത്രിക്ക് നിര്‍ദേശം നൽകി. ഇതോടെ ഇതേ ആശുപത്രിയിലെ തന്നെ റീപ്രൊഡക്ടീവ് വിഭാഗത്തിലെ ഡോക്ടർമാർ ഐസിയുവിലെത്തി യുവിവാന്‍റെ ബീജം ശേഖരിക്കുകയും ചെയ്തു. ഇത് കൃത്യമായി സൂക്ഷിച്ചുവെക്കുന്നതിനു നടപടിക്രമങ്ങൾ ഡോക്ടർമാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ യുവതിയുമായി കൂടിയാലോചിച്ച് പിന്നീട് ആരംഭിക്കുമെന്നും അവർ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.