സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കെട്ടിക്കിടക്കുന്നില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്-


തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതൽ വാക്സിൻ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്. എന്നാൽ 16-ാം തീയതി മുതൽ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം പേർക്ക് വാക്സിൻ നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്.

നിലവിലുള്ള സ്റ്റോക്ക് മാറ്റി നിർത്തിയാൽ പോലും കേരളം കാര്യക്ഷമമായാണ് വാക്സിൻ നൽകുന്നതെന്ന് മനസ്സിലാക്കാനാകും. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം.

വാക്സിൻ എത്തിയാൽ എത്രയുംവേഗം താഴേത്തട്ടിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവിൽ വാക്സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകളും നൽകാൻ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നു. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.