സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികൾക്കും കോവിഡ് വാക്സിനേഷന് മുന്‍ഗണന; സർക്കാർ ഉത്തരവിറങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ടിപിആർ കുറയാത്ത ആറ് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനം. ടി പി ആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വീടുകളില്‍ ക്വറന്റീന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു

ടിപിആർ കുറയാതെ നിൽക്കുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായാണ് മന്ത്രി വീണ ജോര്‍ജ് അവലോകന യോഗം ചേർന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രസംഘം കേരളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് പൊതുവിൽ കോവിഡ് വ്യാപനം സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.

വടക്കൻ കേരളത്തിലെ ജില്ലകളിൽ ടി പി ആർ കുറയാത്ത സാഹചര്യമാണ് പ്രത്യേകം പരിശോധിച്ചത്. ഇതുസംബന്ധിച്ച് വിദഗ്ദ്ധസംഘത്തിന്‍റെ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. ടി പി ആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാര്‍ഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണമെന്നാണ് നിർദേശം. ക്വാറന്റൈനും കോണ്ടാക്‌ട് ട്രെയ്‌സിംഗും കൂടുതൽ കർശനമാക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. പരിശോധന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.