വളപട്ടണം: കണ്ണൂരിൽ 12 വയസ്സുകാരന്റെ മോഷണംപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മറ്റൊരു മോഷണ കേസ് അന്വേഷിക്കുന്നതിനിടയിലാണ് വളപട്ടണം പോലീസ് 12കാരന്റെ സൈക്കിൾ കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയതെരു നീരൊഴുക്കുംചാലിലെ താമസക്കാരനായ വിപിനിന്റെ മകനായ അദ്വൈദ് വിപിനാണ് തന്റെ സൈക്കിൾ നഷ്ടമായത്. തുടർന്ന് ആറാം ക്ലാസുകാരൻ വളപട്ടണം പോലീസിൽ പരാതി സമർപ്പിച്ചു.
സൈക്കിൾ മോഷണം പോയ അന്നുതന്നെ ഒരു ബൈക്ക് മോഷണം പോയതായും വളപട്ടണം പോലീസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് ബൈക്കും സൈക്കിളും മോഷണം പോയത് എന്ന് വ്യക്തമായി.
മോഷണംപോയ ബൈക്ക് കണ്ണൂർ ടൗൺ പോലീസ് കണ്ടെത്തിയപ്പോഴാണ് സൈക്കിൾ മോഷണ കേസിനും തുമ്പ് ഉണ്ടായത്. സൈക്കിൾ മോഷ്ടിച്ച പ്രതി പിന്നീട് ബൈക്ക് കണ്ടപ്പോൾ അത് ഉപേക്ഷിച്ച് ബൈക്കുമായി പോവുകയായിരുന്നു. തുടർന്ന് സൈക്കിൾ കണ്ടെടുത്ത പോലീസ് അത് വിദ്യാർത്ഥിയെ തിരിച്ചേൽപ്പിച്ചു.
സബ്ബ് ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എഎസ്ഐ മാരായ ഗിരീഷ്, സുധീര്‍, സജിത്ത് എസ് , സിപിഒ ജോബി സനൂപ് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് ബൈക്ക് മോഷണം അന്വേഷിച്ചിരുന്നത്. സൈക്കിൾ നഷ്ടപ്പെട്ട പരാതിയുമായി എത്തിയ കുട്ടിയുടെ വിഷമം പോലീസ് ശ്രദ്ധിക്കുകയും ഗൗരവമായി തന്നെ എടുക്കുകയും ചെയ്തിരുന്നു. തൻറെ സൈക്കിൾ പോലീസ് കണ്ടെത്തി നൽകിയതിന് സന്തോഷത്തിലാണ് ഇപ്പോൾ പന്ത്രണ്ടുകാരൻ അദ്വൈദ്.