മഴയുടെ തീവ്രത വർധിക്കുന്നു.. കേരളത്തിൽ വീണ്ടുമൊരു പ്രളയത്തിന് കൂടി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പഠനം


കോഴിക്കോട്: പ്രളയത്തിൻ്റെ കാര്യത്തിൽ കേരളം സുരക്ഷിതമല്ലെന്ന് പഠനം. ആവർത്തിക്കപ്പെടാനുള്ള സാധ്യത വർധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങൾ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്‌ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് (കുസാറ്റ് റഡാര്‍ കേന്ദ്രം) ഡയറക്ടര്‍ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ റഡാര്‍ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ.പി വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, കുസാറ്റിലെ എ. വി ശ്രീനാഥ്, യു. എന്‍ ആതിര, ബി. ചക്രപാണി, യു.എസിലെ മിയാമി സര്‍വകലാശാലയിലെ ബ്രയാന്‍. ഇ മേപ്‌സ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയറോളജിയിലെ എ.കെ ഷായ്്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി.എന്‍ നിയാസ്, ഒ. പി ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

പഠന റിപ്പോര്‍ട്ട് പ്രമുഖ ശാസ്ത്ര ജേണലായ വെതര്‍ ആന്റ് ക്ലൈമറ്റ് എക്‌സ്ട്രീംസില്‍ പ്രസിദ്ധീകരിച്ചു. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്.

പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ വിതാനം മൊത്തത്തില്‍ വ്യത്യാസപ്പെട്ടതാണ് പ്രളയത്തിന് കാരണം. 2018 ല്‍ താരതമ്യേന അധികം വേനല്‍ മഴ ലഭിച്ചു. മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും ആരംഭിച്ചു. ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ ഇത് കാരണമായി. എന്നാല്‍ 2019 ല്‍ കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് കേരളത്തിലെത്തിയത്. ജൂണിലും ജൂലൈയിലും പൊതുവെ ദുര്‍ബലമായി മണ്‍സൂണ്‍ തുടര്‍ന്നു. ജൂലൈ അവസാനിക്കുമ്പോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴയായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. എന്നിട്ടും ഓഗസ്റ്റില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ 2019 ല്‍ പ്രളയമുണ്ടായി.
ഓഗസ്റ്റില്‍ മഴ നിയന്ത്രണമില്ലാതെ പെയ്തു. രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റിലാണ് പ്രളയം സംഭവിച്ചത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയത്തിന് കാരണമായി. ഇതില്‍ 2019 ഓഗസ്റ്റ് എട്ടിലെ മഴ ഗവേഷകര്‍ പ്രത്യേകം നിരീക്ഷിച്ചു.

2019 ഓഗസ്റ്റ് എട്ടിന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉത്തരേന്ത്യയിലെന്ന പോലെ മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയുണ്ടായി. കൂടുതല്‍ വിശകലനത്തില്‍ ഇത് തീവ്രതയില്‍ അല്‍പം കുറഞ്ഞതും പക്ഷേ അസാധാരണമായി കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്‌ഫോടനം തന്നെ ആയിരുന്നുവെന്ന് വിലയിരുത്തുകയും അതിന് മിസോസ്‌കെയില്‍ മിനി ക്ലൗഡ് ബഴ്‌സ്റ്റ് എന്ന പേര് ഗവേഷണ സംഘം നല്‍കുകയും ചെയ്തു.

എന്താണ് മേഘവിസ്‌ഫോടനം

ഒരു മണിക്കൂറില്‍ 10 സെ. മി മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം എന്നറിയപ്പെടുന്നത്. ഹിമാലയന്‍ മേഖലകളില്‍ മിക്ക വര്‍ഷങ്ങളിലും മേഘവിസ്‌ഫോടനം സംഭവിക്കാറുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 5 സെ.മി ല്‍ കൂടുതല്‍ പെയ്യുന്ന മഴയെ മിനി ക്ലൗഡ് ബഴ്‌സ്റ്റ് (ലഘു മേഘവിസ്‌ഫോടനം) എന്ന് വിളിക്കാം. സാധാരണയായി മേഘവിസ്‌ഫോടനം ഒരു ചെറിയ പ്രദേശത്ത് (15-20 ച.കി.മി) മാത്രമാണ് ബാധിക്കുക. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളുടെ വിസ്തൃതമായ പ്രദേശത്താണ് ഇതുണ്ടായത്.

2018 ലേക്കാള്‍ മഴ തീവ്രത കൂടുതല്‍ 2019ൽ

2019 ഓഗസ്റ്റ് എട്ടിന് രണ്ടു മണിക്കൂറില്‍ 5-6 സെ. മി വരെ മഴ ലഭിച്ചു. 2018 ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഓഗസ്റ്റ് 15ന് മഴയുടെ ശക്തി 2019 ഓഗസ്റ്റ് എട്ടിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. 2018 ഓഗസ്റ്റ് 15 ന് രണ്ട് മണിക്കൂറില്‍ 4 സെ.മി ല്‍ കൂടുതല്‍ മഴ ഒരിടത്തും ലഭിച്ചിരുന്നില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചതിനാലും കൂടുതല്‍ ജീവഹാനി ഉണ്ടായതിനാലും 2018 ലെ പ്രളയമാണ് 2019 ലെ പ്രളയത്തേക്കാള്‍ തീവ്രത കൂടുതല്‍ എന്ന് പൊതുവെ വിലയിരുത്തുന്നുണ്ടെങ്കിലും 2019 ലെ മഴയാണ് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയും മുന്നറിയിപ്പുമെന്ന് ഗവേഷക സംഘം പറയുന്നു.

2019 കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമോ?

മുകളില്‍ പറഞ്ഞതു പ്രകാരം കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമോ ടെസ്റ്റ് ഡോസോ ആയി 2019 ലെ പ്രളയത്തെയും തീവ്രമഴയെയും കാണാമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 2018 ല്‍ കൂടുതല്‍ സമയം കൊണ്ട് പെയ്തിറങ്ങിയ മഴ 2019 ല്‍ പൊടുന്നനെ പെയ്തു. 2019 ഓഗസ്റ്റില്‍ മണ്‍സൂണ്‍ കാലത്ത് പതിവില്ലാത്ത ഇടിവെട്ടിയുള്ള മഴയാണ് ഗവേഷകരെ കൂടുതല്‍ വിശലകനത്തിലേക്ക് നയിച്ചത്.

ആശങ്കപ്പെടേണ്ട സാഹചര്യം

2013 മുതല്‍ 2017 വരെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ മഴപ്പെയ്ത്തിന്റെ സ്വഭാവവും സംഘം പഠന വിധേയമാക്കി. പശ്ചിമഘട്ടത്തില്‍ കൊങ്കണും മുംബൈയിലും പേമാരി പതിവാണ്. എന്നാല്‍ മേല്‍പറഞ്ഞ കാലയളവില്‍ കൊങ്കണ്‍ മേഖലയിലെ തീവ്രമഴ തെക്കോട്ടുമാറി പാലക്കാടിനു വടക്കുവരെ വ്യാപിച്ചതായി പഠനത്തില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഈ സാഹചര്യം കേരളത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്.

പരിസ്ഥിതി പ്രത്യാഘാതം ഗുരുതരമാകും

പശ്ചിമഘട്ടത്തിലെ മാനുഷിക ഇടപെടലുകള്‍ സജീവമാകുന്ന ഇക്കാലത്ത് 2019 പോലുള്ള തീവ്രമഴ ആവര്‍ത്തിച്ചാല്‍ അതിലോല പരിസ്ഥിതി മേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. മണ്‍സൂണില്‍ തുടര്‍ച്ചയായി മഴ പെയ്തു കുതിര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ പെയ്യുന്ന തീവ്രമഴ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിംഗ്, മിന്നല്‍ പ്രളയം എന്നിവയ്ക്ക് കാരണമാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ഇത്തരം മഴ ഇവന്റുകളില്‍ കൂനിന്‍മേല്‍ കുരുവാകും.

ശാസ്ത്രീയ പഠനങ്ങളും പരിഹാരവും വേണം

കേരളത്തിലെ കാലാവസ്ഥ, ഭൂപ്രകൃതി, ഡാമുകളുടെ സുരക്ഷ തുടങ്ങി കൂടുതല്‍ ശ്രദ്ധയോടെയും ശാസ്ത്രീയമായും മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കുകയും ഗണിതമാതൃകകളുടെ (ന്യൂമെറിക്കല്‍ വെതര്‍ മോഡലുകള്‍) തുടങ്ങിയവയുടെ സഹായത്തോടെ അതുണ്ടാക്കുന്ന ആഘാതം മനസ്സിലാക്കി ഭാവിയില്‍ അപകടം കുറയ്ക്കാന്‍ ഉതകുന്ന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.