‘എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്, എവിടെ വന്നും സത്യം ഞാൻ പറയാം’: 'സിംഗപെണ്ണിനെ' തേടി ഷിഹാബുദീൻ എത്തി


കൊല്ലം∙ ‘എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്.’– പൊലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കേസ് ചുമത്തപ്പെട്ട സോഷ്യൽ മീഡിയയിലെ സിംഗപെണ്ണിന്റെ' ഗൗരിനന്ദയുടെ വീട്ടിൽ എത്തി ഷിഹാബുദീൻ പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ഗൗരിക്കു മികച്ച വിജയമുണ്ടെന്ന വാർത്തയ്ക്കൊപ്പം ഷിഹാബുദീന്റെ നല്ല വാക്കുകളും കൂടിയായപ്പോൾ ചടയമംഗലം അക്കോണം ഇടുക്കുപാറയിലുള്ള ഗൗരിയുടെ വീട്ടിലും ദിവസങ്ങൾക്കു ശേഷം ചിരി ഉയർന്നു

രണ്ടു ദിവസം മുൻപ് ചടയമംഗലം ജംക് ഷനിലുള്ള ഇന്ത്യൻ ബാങ്കിനു മുന്നിൽ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം.ഷിഹാബുദീൻ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തിയിരുന്നു. എന്നാൽ കൃത്യമായ അകലം പാലിച്ചാണ് ക്യൂ നിന്നതെന്നു ചൂണ്ടിക്കാട്ടി ഷിഹാബുദീൻ പ്രതിഷേധിച്ചു. അമ്മയെ ചടയമംഗലത്തെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം എടിഎമ്മിൽ നിന്നു പണമെടുക്കാൻ ഇവിടെയെത്തിയ ഗൗരി ഇതുകണ്ട് ഷിഹാബുദീനോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അപ്പോൾ ഗൗരിക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചെന്നും ഇതിൽ പ്രതിഷേധിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും കേസെടുത്തെന്നും ഗൗരിയും ഷിഹാബുദീനും പറയുന്നു.

പ്ലസ്ടു വിദ്യാർഥിനി‌യും പൊലീസും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആദ്യം ചടയമംഗലം പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പിന്നീട് തിരുത്തി.

ഈ സംഭവത്തിനു ദിവസങ്ങൾക്കു മുൻപ് വാക്സീൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ആശുപത്രിയിൽ ഉപരോധ സമരം നടത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും നിലമേൽ പഞ്ചായത്തിലെ 5 വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 3 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർഥിനിക്ക് എതിരെയും ഇത്തരത്തിൽ കേസ് എടുത്തപ്പോൾ പ്രതിഷേധം ശക്തമായി. ഗൗരിക്കെതിരെ കേസ് എടുത്ത വാർത്ത അറിഞ്ഞാണ് വീട് തേടിപ്പിടിച്ച് ഷിഹാബുദീൻ എത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.