ലക്ഷദ്വീപ് പ്രതിഷേധക്കാർക്ക് തിരിച്ചടി; കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി


കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. നിയമങ്ങളുടെ കരട് മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യം കോടതി തള്ളി. ആക്ഷേപങ്ങള്‍ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ദ്വീപ് ജനതയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് കരട് നിയമങ്ങള്‍ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ലക്ഷദ്വീപില്‍ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങളില്‍ നിന്നു പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ആഴ്ചകകളുടെ ഇടവേളയ്ക്കു ശേഷം ദ്വീപിലെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ സേവ് ലക്ഷദ്വീപ് ഫോറവുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് ആവര്‍ത്തിച്ചത്. ഇതോടെ ലക്ഷദ്വീപ് പ്രശ്നത്തില്‍ പോംവഴിയാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ ചര്‍ച്ച അലസി. പ്രഫുല്‍ പട്ടേലും എസ്.എല്‍.എഫ് ഭാരവാഹികളുമായാണ് ചര്‍ച്ചകള്‍ നടന്നത്.

ലക്ഷദ്വീപില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് ദ്വീപ് ജനതയുടെ കൂടി അഭിപ്രായം മാനിച്ചാകണമെന്ന് എസ്.എല്‍.എഫ് ആവശ്യപ്പെട്ടു. വ്യക്തികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അടിയന്തരമായി പരിഹാരം കാണണം. വികസന ആവശ്യങ്ങള്‍ക്കായി ഉടമയുടെ അനുവാദമില്ലാതെയോ ചട്ടത്തിന് എതിരായോ ഭൂമി ഏറ്റെടുക്കരുത്. കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളുമായുള്ള ചരക്കുനീക്കം അവസാനിപ്പിക്കരുത്. വിനോദസഞ്ചാര വകുപ്പില്‍ നിന്നുള്‍പ്പെടെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ആവശ്യമുന്നയിച്ചു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പുതന്നിട്ടുള്ള കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കാരണവശാലും പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കില്ലെന്നും പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.