‘ഈ വിദഗ്ദന്‍മാര്‍ പല അഭിപ്രായവും പറയുമല്ലോ’; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന ഐഎംഎ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന ഐഎംഎ വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ലഭിക്കുന്ന വിദഗ്ദ അഭിപ്രായം വച്ചാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്നും വിദഗ്ദന്‍മാര്‍ പല അഭിപ്രായവും പറയുമല്ലോയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

”സര്‍ക്കാരിന് ലഭിക്കുന്ന ഉപദേശം അങ്ങനെയല്ല. അതാണ് അതിന്റെ പ്രശ്‌നം. ഈ വിദഗ്ദന്‍മാര്‍ പല അഭിപ്രായവും പറയുമല്ലോ. സര്‍ക്കാരിന് ലഭിക്കുന്ന വിദഗ്ദ അഭിപ്രായം വച്ചാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.

ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞ ഐഎംഎ കൊവിഡ് പ്രതിരോധത്തില്‍ വിള്ളലുണ്ടെന്നും കുറ്റപ്പെടുത്തിയിരുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്ഥയാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐഎംഎ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണമെന്നും ഐഎംഎ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.