പിഎസ്‌സി കോഴ ആരോപണം; സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ ഐ.എന്‍.എല്‍ പുറത്താക്കി: നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു


കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് പാര്‍ട്ടി കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ ഐ.എന്‍.എല്‍ പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചതിനാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.

പി.എസ്.സി അംഗത്വം ലഭിക്കുന്നതിന് ഐ.എന്‍.എല്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അഗം ഇ.സി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അച്ചടക്ക ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഐ.എന്‍.എല്‍ പ്രതിനിധിയായി പി.എസ്.സി അംഗമായ അബ്ദുസ്സമദിന് പദവി ലഭിക്കുന്നതിനായി 40 ലക്ഷം രൂപ കോഴ വാങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്നായിരുന്നു ഇ.സി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ആരോപണം ഉന്നയിച്ച ഇ.സി മുഹമ്മദിനെതിരെ നിയമനടപടിയെടുക്കുമെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു.

അതേസമയം ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. താന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യങ്ങളുണ്ടെങ്കില്‍ ചോദിച്ചാല്‍ പ്രതികരിക്കാം. ഇത്തരം ആരോപണങ്ങളെക്കുറിച്ച് അറിയില്ല- അഹമ്മദ് ദേവര്‍ കോവില്‍ പ്രതികരിച്ചു.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടരി ഏകപക്ഷീയമായി പേഴ്‌സണള്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നുവെന്നാണ് ആരോപണം. കുറച്ചുകാലമായി പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇറിക്കൂറും തമ്മില്‍ ചേരിപ്പോര് തുടങ്ങിയിട്ട്. പാര്‍ട്ടിക്ക് മന്ത്രി പദവി ലഭിച്ചതോടെ ഇത് രൂക്ഷമായി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷത്താണ്. കാസിം ഇടപെട്ടാണ് കോഴിക്കോട് സൗത്ത് സീറ്റ് ദേവര്‍ കോവിലിന് ലഭിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഈ ബന്ധം ഉപയോഗിച്ച് മന്ത്രിയുടെ കാര്യങ്ങള്‍ മുഴുവന്‍ കാസിം ഇരിക്കൂര്‍ സ്വന്തം നിലയില്‍ തീരുമാനിക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വാഗ്വാദമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുയര്‍ത്താനായി യോഗത്തിലേക്ക് പോയ വഹാബ് പക്ഷം പക്ഷെ പ്രതിരോധത്തിലായി. വഹാബിനെതിരെ കാസിം ഇരിക്കൂര്‍ പക്ഷക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്. ഐ.എന്‍.എല്ലില്‍ ലയിച്ച എന്‍.എസ്.സി പ്രവര്‍ത്തകരെ നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി അവര്‍ക്കുമുണ്ട്. ഐ.എന്‍.എല്‍ വിട്ട് പഴയ എന്‍.എസ്.സി പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.എന്‍.എല്‍ നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.