കണ്ണൂർ: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ യുഡിഎഫിനുള്ളില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തും നിന്നും മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നുമുണ്ടായ വ്യത്യസ്ത അഭിപ്രായങ്ങള്‍ യുഡിഎഫ് അടുത്ത ദിവസങ്ങളില്‍ വിശകലനം ചെയ്ത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തില്‍ യുഡിഎഫ് മുന്നോട്ട് വെക്കുന്ന ഫോര്‍മുല തയ്യാറാക്കുമെന്നും കെ സുധാകരന് കണ്ണൂരില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
‘വിഷയം ഓരോരുത്തരും വ്യാഖ്യാനിച്ച രീതിയില്‍ വന്നതാണ് ഈ വ്യത്യാസം. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു അഭിപ്രായമാണ് ഈ വിഷയത്തിലുള്ളത്. സ്കോളര്‍ഷിപ്പില്‍ എല്ലാ മതങ്ങളെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാന്‍.ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തിനകത്ത് ചെറിയ അഭിപ്രായ വ്യത്യാസം വന്നിട്ടുണ്ട്. അത് മാറ്റണമെന്നാണ് യുഡിഎഫ് അഭിപ്രായം,’ കെ സുധാകരന് പറഞ്ഞു.
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃയോഗം ഇതിന് ഒരു ഫോര്‍മുല നിശ്ചയിക്കാനുള്ള ചര്‍ച്ച നാളെയോ മറ്റന്നാളോ ആയി ആരംഭിക്കും. ഐകകണ്ഡേന തീരുമാനം എടുത്ത് മുന്നോട്ട് പോവും. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഭാഗത്ത് നിന്ന് വന്ന പ്രതികരണങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പ്രതികരണങ്ങളിലെ വസ്തുത ഉള്‍ക്കൊണ്ടു കൊണ്ട് സമവായത്തിലുള്ള ഒരു തീരുമാനം കൈക്കൊള്ളാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാക്കി സര്‍ക്കാരിനോട് ഇതേപറ്റി സംസാരിക്കുമെന്നും കെ സുധാകരന് പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ രണ്ടിടങ്ങളില്‍ രണ്ട് തരത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കെയാണ് കെ സുധാകരന്റെ പ്രതികരണം. വിഷയത്തില്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലുമുള്ള അഭിപ്രായ വ്യതാസങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ഈ പരാമര്‍ശം.
ഇന്നലെ കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിച്ച വി ഡി സതീശന് ജനസംഖ്യാ ആനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ നിശ്ചയിക്കുന്നതുവഴി മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കുറവുണ്ടാകുമെന്ന മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പമായിരുന്നു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെയാണ് പുതിയ അനുപാതം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഈ നടപടി പാലോളി, സച്ചാര്‍ കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അന്തസത്ത പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.
എന്നാല്‍ ഇന്ന് കോട്ടയത്ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ വി ഡി സതീശന് തന്റെ മുന്‍ പരാമര്‍ശത്തെ തള്ളുന്ന പ്രതികരണമാണ് നടത്തിയത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പുതിയ നിലപാട്. നിലവിലുള്ള സ്കോളര്‍ഷിപ്പ് കുറക്കാതെ മറ്റ് സമുദായങ്ങള്‍ക്കുകൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് നിലവിലുള്ള ഉത്തരവ് യുഡിഎഫിന്റെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തെ തള്ളി ഇടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ യുഡിഎഫിനുള്ളില്‍ ഭിന്നത രൂപപ്പെടുന്നെന്ന സൂചന ഉയര്‍ന്നു. സ്കോളര്‍ഷിപ്പ് പുനക്രമീകരിച്ചതോടെ കനത്ത നഷ്ടമാണ് മുസ്ലീം സമുദായത്തിന് ഉണ്ടായത് എന്ന് പ്രതികരിച്ച ഇടി മുഹമ്മദ് ബഷീര്‍ നഷ്ടമില്ലെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടുണ്ടെങ്കില്‍ ആ വാദം തെറ്റാണെന്നും തുറന്നടിച്ചു. യുഎഡിഎഫ് പറഞ്ഞതാണ് സര്‍ക്കാര്‍ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വാദം പൂര്‍ണ്ണമായും തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.