'സ്വയം പ്രഖ്യാപിത ചക്രവർത്തിയും കൂട്ടരും കത്തുന്ന വീട്ടിൽ നിന്ന് ഉത്തരവും കഴുക്കോലും അടിച്ചുമാറ്റുന്ന തിരക്കിലാണ്': മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി- കെ. സുധാകരൻ


കണ്ണൂർ: കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികൾ മൂലം കേരളത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഒരു ദുരന്തമുഖത്ത് ജനങ്ങൾ ഇങ്ങനെ വലഞ്ഞ് നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് സർക്കാർ വൻ കൊള്ളകൾ നടത്തുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നൂറുകണക്കിന് കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നു. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും മോഷ്ടിച്ച് അവരെ വഴിയാധാരമാക്കാൻ പ്രാദേശിക സിപിഎം നേതാക്കൾക്ക് ആത്മവിശ്വാസം കൊടുക്കുന്നത് സി.പി.എം നേതൃത്വം തന്നെയാണ്. കൂടുതൽ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാൻ സർക്കാർ ഒരു റീബൂട്ടിങ് പീരിഡ് പ്രഖ്യാപിക്കണമെന്നും കെ സുധാകരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ നിർദേശിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങിനെ:

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികൾ മൂലം കേരളത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്.

തൊഴിലില്ലായ്മയും വിലക്കയറ്റവും വരുമാന നഷ്ടവും നിരാശയും ജനങ്ങളെ കോവിഡിനെക്കാൾ ഭീകരമായ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, വനിതാ സംരഭകർ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ വരുമാനം നിലച്ച്, വായ്പ്പാ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികൾ നേരിടുകയാണ്. കർഷക ആത്മഹത്യകൾ നടന്നു കഴിഞ്ഞു.

ഒരു ദുരന്തമുഖത്ത് ജനങ്ങൾ ഇങ്ങനെ വലഞ്ഞ് നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് സർക്കാർ വൻ കൊള്ളകൾ നടത്തുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നൂറുകണക്കിന് കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നു. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും മോഷ്ടിച്ച് അവരെ വഴിയാധാരമാക്കാൻ പ്രാദേശിക സിപിഎം നേതാക്കൾക്ക് ആത്മവിശ്വാസം കൊടുക്കുന്നത് സി.പി.എം നേതൃത്വം തന്നെയാണ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചെങ്കിൽ ഇവിടെ മറ്റൊരു സ്വയം പ്രഖ്യാപിത ചക്രവർത്തിയും കൂട്ടരും കത്തുന്ന വീട്ടിൽ നിന്ന് ഉത്തരവും കഴുക്കോലും വരെ അടിച്ചുമാറ്റുന്ന തിരക്കിലാണ്. കിറ്റിൽ സ്‌കൂൾ കുട്ടികൾക്ക് ക്രീം ബിസ്കറ്റ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, കോകോണിക്സ് എന്ന തട്ടിക്കൂട്ട് സ്ഥാപനവുമായി ചേർന്ന് കുടുംബശ്രീ വഴി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ലാപ്ടോപ്പിൽ കോടികളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് സർക്കാരും സന്നദ്ധ സംഘടനകളും ഒത്ത് ചേർന്ന് പ്രവർത്തിച്ചിട്ടും ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുമ്പോഴാണ് ഈ വിദ്യാർത്ഥി വഞ്ചന.

അശാസ്ത്രീയമായ ലോക്ഡൗൺ നടപടികൾ ഏതെങ്കിലും തരത്തിൽ ജീവിതം റീസ്റ്റാർട്ട് ചെയ്യാൻ തയ്യാറെടുക്കുന്നവരെ വീണ്ടും നിരാശയുടെ പടുകുഴിയിൽ വീഴ്ത്തുകയാണ്. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരോട് പോലീസ് ഗുണ്ടായിസവും അന്യായമായി പെറ്റി അടിക്കുന്നത് ചോദ്യം ചെയ്താൽ ജാമ്യമില്ലാ വകുപ്പും ആണ് ജനങ്ങൾക്ക് സർക്കാർ നൽകുന്ന സേവനം.

കോവിഡ് രൂക്ഷമായതു മുതൽ രാജ്യത്തെ വിവിധ കോൺഗ്രസ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന, ഇവിടെയും നടപ്പിലാക്കാൻ പ്രഖ്യാപിച്ച പദ്ധതിയാണ് ന്യായ്. ജനങ്ങളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുക, അതുവഴി ദാരിദ്ര്യത്തിൽ നിന്നും നിന്നും കരകയറാനുള്ള പോരാട്ടത്തിൽ അവരെ സഹായിക്കുക എന്നതാണ് ന്യായ് പദ്ധതിയുടെ കാതൽ. അതിതീവ്ര ദാരിദ്ര്യം തുടച്ചുനീക്കാൻ ഇപ്പോൾ കേരള സർക്കാരിന് ജനങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ന്യായ് പദ്ധതി നടപ്പിൽ വരുത്തുക എന്നത്.

കൂടുതൽ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാൻ സർക്കാർ ഒരു റീബൂട്ടിങ് പീരിഡ് പ്രഖ്യാപിക്കണം. ഈ കാലയളവിൽ സർക്കാർ വാടക കുടിശ്ശികയും ഫിക്സഡ് ചാർജുകളും നികുതികളും ജനങ്ങളിൽനിന്ന് പിരിക്കുന്നത് ഒഴിവാക്കണം. വായ്പാ തിരിച്ചടവുകൾക്ക് അധിക ബാധ്യത വരാത്ത രീതിയിൽ ഇളവു നൽകണം. ഫിനാൻസ് റിക്കവറി, ജപ്തി നടപടികൾക്കു വിലക്ക് ഏർപ്പെടുത്തണം.

ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യണം. സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് ഈ ന്യൂ നോർമൽ മനസ്സിലാക്കി ജനങ്ങൾക്ക് ജീവിതം തുടങ്ങുവാൻ വേണ്ട സഹായം നൽകണം. ഇനിയും ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഇരിക്കാൻ സർക്കാർ അടിയന്തരമായി ഈ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.