കാസർകോട് മൽസ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി: ഉറ്റ സുഹൃത്തുക്കളെ മരണം തട്ടിയെടുത്തപ്പോൾ തേങ്ങാലടക്കാനാവാതെ ഒരു നാട്..


കാസർകോട്: കാസർകോട് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ആഞ്ജനേയ എന്ന ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഏഴു പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാല് പേർ ഇന്നലെ രക്ഷപ്പെട്ടിരുന്നു. രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തീരത്തെ നടുക്കിയ ഞായർ

പുലർച്ചെ 5.45നാണ് വള്ളങ്ങൾ കടലിലേക്കു പോയത്. കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. ആദ്യ 4 വള്ളങ്ങൾ കടന്നു പോയി. പിന്നാലെയെത്തിയ വള്ളമാണ് അപകടത്തിൽ പെട്ടത്. തലേന്ന് നന്നായി മീൻ ലഭിച്ചതിനാൽ തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലേക്കു പോയത്. എന്നാൽ അതു ദുരന്തത്തിൽ കലാശിച്ചു. 30 അടിയോളം ആഴമുള്ള ഭാഗത്താണ് വള്ളം മറിഞ്ഞത്. ഇവിടെ മണൽതിട്ടകളുമുണ്ട്. മുൻപ് കനത്ത തിരയിൽ ഏഴോളം വള്ളങ്ങൾ മറിഞ്ഞ സംഭവവും ഈ പുലിമുട്ടിനു സമീപമുണ്ടായിട്ടുണ്ട്.

ഇന്നു രാവിലെ മുതൽ കൂടുതൽ തിരച്ചിൽ നടത്തും. 10 തോണികളിൽ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസിനൊപ്പം പങ്കെടുക്കും. ഫിഷറീസ് വകുപ്പിന് ജില്ലയിൽ ഒരു രക്ഷാബോട്ട് മാത്രമാണുള്ളത്. ഇന്നലെ ചെറുവത്തൂരിൽ നിന്നാണ് ബോട്ട് കീഴൂരിലെത്തിയത്. ഇതു പലപ്പോളും രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കുന്നുണ്ട് എന്ന വിമർശനം ശക്തമാണ്.

‘ഒന്നും ചെയ്യാനായില്ല’

‘മുന്നിൽ പോയ നാലു വള്ളങ്ങൾ പുലിമുട്ട് കടന്നു മുന്നോട്ടു പോയിരുന്നു. ഞങ്ങൾ പുലിമുട്ട് കടന്നതും വലിയ തിരയെത്തി വള്ളത്തെ മറിച്ചു. മൂന്നു പേർ പിടിവിട്ടു പോയി. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ കടലിൽ വീഴും. വള്ളത്തിൽ പിടിവിടാതെ ഞങ്ങൾ മുറുകെ പിടിച്ചു. കനത്ത തിരയിൽ പുലിമുട്ടിനു തെക്കു ഭാഗത്തേക്ക് വള്ളമെത്തി. അവിടുത്തെ തീരത്തെത്തിയപ്പോൾ നാട്ടുകാർ രക്ഷിച്ചു’ അപകട സമയത്തെ കാര്യം പറയുമ്പോൾ ആശുപത്രിയിൽ കഴിയുന്ന മണിക്കുട്ടന്റെ ശബ്ദമിടറി. ഷിബിൽ, രവി, ശശി എന്നിവരാണ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവർ.

പുലിമുട്ടിൽ അപാകത

കേന്ദ്രാവിഷ്കൃത പദ്ധതിയാണ് കാസർകോട് മത്സ്യബന്ധന തുറമുഖം. നബാർഡ് വഴിയാണ് ഫണ്ട് ലഭിക്കുക. ഇവിടുത്തെ പുലിമുട്ടിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തി. പുണെയിൽ നിന്നുള്ള വിദഗ്ധർ നിർമാണത്തിൽ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ പുലിമുട്ട് പുനർ നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ 17 കോടിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കാസർകോട് സ്വദേശിയായ കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. നിർമാണം ഉടൻ ആരംഭിക്കുമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.