'സാഹചര്യങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം, ആളുകളുടെ ജീവന് അപകടം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം': പ്രതിഷേധിച്ച വ്യാപാരികളോട് മുഖ്യമന്ത്രി


ന്യൂഡൽഹി: കോഴിക്കോട് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല. സാഹചര്യമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് കാരണം. എവിടെ ഇളവ് നല്‍കാന്‍ പറ്റുമോ, അതെല്ലാം പരാമവധി അനുവദിച്ച് നല്‍കുന്നുണ്ട്. ആളുകളുടെ ജീവന് അപകടം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

''കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.''- ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധ സമരം നടന്നത്. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കോഴിക്കോട് മിഠായി തെരുവ് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിലവില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ നിരവധി ചെറുകിട വ്യാപാരികളുള്ള മിഠായി തെരുവില്‍ ഉള്‍പ്പെടെ കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടിയുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ആരോപണം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് 14539 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 1,39,049 പരിശോധനകൾ നടത്തി. 124 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് . ഇപ്പോൾ 1,15,174 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വലിയ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടി പി ആർ 10.5 ആണ്. തൃശ്ശൂർ മുതലുള്ള വടക്കൻ ജില്ലകളിലാണ് ടി പി ആർ കൂടുതൽ ഉള്ളത്. വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഇതിനനുസരിച്ച് ഗൗരവമായ പരിശോധന നടത്തണം. നിയന്ത്രണങ്ങളിലുള്ള അയവാണോ ഇതിനു കാരണമെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.