യുവാവിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; നാല് പേർ അറസ്റ്റിൽ, ക്വട്ടേഷൻ നൽകിയത് ബന്ധു


തട്ടികൊണ്ടുപോകലിന് വിധേയനായ അജ്സൽ

കൊല്ലം: അമ്പലംകുന്ന് വട്ടപ്പാറയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെ നാലു പേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് 10 ലക്ഷം രൂപ മോചനദ്രവ്യത്തിനായി.
വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയ്യൂബിനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

അജ്സലിനെ തട്ടിക്കൊണ്ടു പോകുന്നതിന് ക്വട്ടേഷൻ നൽകിയ അകന്ന ബന്ധു കൂടിയായ മീയന പെരുപുറം വയലിൽ വീട്ടിൽ സലിം (48)ക്വട്ടേഷൻ സംഘാംഗങ്ങളായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ സലീം(48) ശ്രീലങ്കൻ തമിഴ് വംശജരായ കുളത്തൂപ്പുഴ കൂവക്കാട് ആർ പി എൽ വൺ സി കോളനിയിൽ പോൾ ആൻറണി (38), കുളത്തൂപ്പുഴ ആർ പി എൽ രണ്ട് കോളനിയിയിൽ രാഹുൽ (33)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങിനെ:

അജ്സലിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ മീയന സ്വദേശി സലീമിന് അഞ്ചര ലക്ഷം രൂപയോളം കടബാധ്യതയുണ്ട്.
ഇത് തീർക്കുന്നതിനു വേണ്ടി കണ്ടെത്തിയ മാർഗമാണ് സാമ്പത്തികമുള്ള കുടുംബത്തിലെ ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുക എന്നത്.
തട്ടിക്കൊണ്ടു പോകുന്നത് ആരെ എന്ന ആലോചനയിലാണ് അജ്സലിനെയാകാം എന്ന് തീരുമാനിച്ച് ഉറച്ചത്.

അജ്സലിന്റെ പിതാവാണെങ്കിൽ കേസിനൊന്നും പോകാതെ ചോദിക്കുന്ന തുക നൽകി പ്രശ്നം പരിഹരിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു പ്രതികളുടെ വിലയിരുത്തൽ.
കാരണം മുൻപ് സലീമിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴൊക്കെ അജ്സലിന്റെ പിതാവ് നല്ല രീതിയിൽ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടായിരുന്നു.

അജ്സലിനെ തട്ടിക്കൊണ്ട് പോകുന്നതിനായി പല ക്വട്ടേഷൻ സംഘങ്ങളെ സമീപിച്ചെങ്കിലും കുളത്തൂപ്പുഴ സ്വദേശികളായ മൂവരുമായി കരാർ ഉറപ്പിക്കുകയും കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി സലിമിന്റെ വീട്ടിൽ ഒത്തു കൂടുകയും തട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്യുകയുമായിരുന്നു.

തട്ടിക്കൊണ്ട് പോയശേഷം അജ്സലിന്റെ വീട്ടുകാരോട് 10 ലക്ഷം രൂപമോചനദ്രവ്യം ആവശ്യപ്പെടാമെന്നും 10 ലക്ഷം രൂപയിൽ അഞ്ചര ലക്ഷം രൂപ മുഖ്യപ്രതിയുടെ ബാങ്കിലെ കടം തീർത്ത ശേഷം ബാക്കി രൂപ ഉപയോഗിച്ച് നാല് പേർക്കും കൂടി ഒരു കൃഷി ഫാം തുടങ്ങാമെന്നും ധാരണയെത്തി പിരിഞ്ഞു.

പിന്നീട് സലീം 4000 രൂപ കുളത്തൂപ്പുഴ സലീമിന്റെ കൈവശം നൽകി കാർ ഏർപ്പാട് ചെയ്ത് മടങ്ങി. നാട്ടിലെത്തിയ മീയന സ്വദേശി സലീം അജ്സൽ വൈകുന്നേരം വീടിന് പുറത്തിറങ്ങുന്ന സമയവും കൂട്ടുകാരോടൊപ്പം തങ്ങുന്ന സ്ഥലവും കണ്ടെത്തി മൂന്ന് ദിവസം വീക്ഷിക്കുകയും ചെയ്ത ശേഷം സംഘത്തെ വിവരം അറിയിച്ചതു പ്രകാരം സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ സംഘാംഗങ്ങൾ വാടകയ്‌ക്കെടുത്ത കാറിൽ വട്ടപ്പാറയിലും പരിസര പ്രദേഗങ്ങളിലും കറങ്ങി നടന്നു.

മുൻ നിശ്ചയപ്രകാരം കഴിഞ്ഞ ദിവസം മീയന സ്വദേശി സലിം ബൈക്കിൽ വന്ന് അജ്സലിനെ കാട്ടിക്കൊടുക്കുകയും മൂവർസംഘം കാറിൽ അജ്സലിന്റെ അടുത്തെത്തി ബന്ധുവും വാർഡംഗവുമായ സഹീദിന്റെ വീട് ചോദിക്കുകയും കാറിൽ കൂടെ ചെന്ന് കാണിക്കാനും ആവശ്യപ്പെട്ടു. ഇപ്രകാരം യുവാവ് സംഘാംഗങ്ങളോടൊപ്പം കാറിൽ കയറിപ്പോയി. സഹീദിന്റെ വീടിന് സമീപത്തെത്തിയിട്ടും നിർത്താതെ മുന്നോട്ടോടിച്ച് പോയ കാർ കുറേക്കൂടി മുന്നോട്ട് പോയി തിരിച്ച് വന്ന് അതിവേഗത്തിൽ ഓടിച്ച് പോകാൻ ശ്രമിക്കുകയും ചെയ്തു.

അജ്സലിന് ഇറങ്ങേണ്ട സ്ഥലം പിന്നിട്ടിട്ടും ഇറക്കാതെ മുന്നോട്ട് ഓടിച്ച് പോയതോടെ ബഹളം വച്ച അജ്സലിന്റെ വായ പൊത്തിപ്പിടിച്ചെങ്കിലും ഒരു വളവിലെ ഹമ്പിൽ കയറിയ സമയം കാറിന്റെ വേഗത കുറഞ്ഞ തക്കത്തിന് അജ്സസൽ കാൽ കൊണ്ട് ഡോർ ചവിട്ടിത്തുറന്ന് കുതറി കാറിന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയപ്പോഴേക്കും ക്വട്ടേഷൻ സംഘം രക്ഷപ്പെട്ടു.

തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുനലൂർ വാളക്കോട് സ്വദേശി സലീമിന്റെ കാറാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് മനസിലാക്കി കാറും പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. മുമ്പ് പ്ലാൻ ചെയ്തതു പോലെ മൂവരും റബ്ബർ മരങ്ങൾ വാടകയ്ക്കെടുത്ത് ടാപ്പിംഗ് നടത്തുന്ന കഥ ആവർത്തിച്ചു കൊണ്ടിരുന്നു. മൂവരെയും വ്യത്യസ്തമായ സ്ഥലങ്ങളിൽ ചോദ്യം ചെയ്തതോടെ കഥ പൊളിയുകയും സംഭവത്തിന്റെ ചുരുളഴിയുകയും പ്രധാന പ്രതി സലീമിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൊട്ടാരക്കര ഡി വൈ എസ് പി സ്റ്റുവർട് കീലറുടെ നിർദ്ദേശപ്രകാരം പൂയപ്പള്ളി സ്റ്റേഷൻ ഇൻ ചാർജ് ചടയമംഗലം സിഐ ബി ജോയിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ് ഐ വിനോദ് ചന്ദ്രൻ, എ എസ് ഐമാരായ ചന്ദ്രകുമാർ, ഗോപാലകൃഷ്ണൻ ,ഹരികുമാർ, രാജേഷ്, ഗോപകുമാർ, അനിൽകുമാർ, എസ് സി പി ഒമാരായ ലിജു വർഗീസ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.