കൊച്ചി: സംസ്ഥാന സർക്കാറുമായുള്ള പ്രതിഷേധം വ്യക്തമാക്കിയതിന് പിന്നാലെ കിറ്റെക്സ് ഗ്രൂപ്പിന് തമിഴ്നാട് സർക്കാറിന്റെ ക്ഷണം.
കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ നിന്നു പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ ക്ഷണക്കത്ത് നൽകിയത്.
വ്യാവസായം തുടങ്ങനുള്ള ആനുകൂല്യങ്ങൾ അടക്കം വാഗ്ദാനം ചെയ്ത് കൊണ്ടാണ് തമിഴ്നാട് സർക്കാർ ക്ഷണക്കത്ത് നൽകിയതെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് പറഞ്ഞു. 35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്നാട്ടില്‍ നടത്താനാണ് തമിഴ്നാട് സര്‍ക്കാര്‍ കിറ്റെക്സ് മാനേജ്മെന്റിന് ക്ഷണക്കത്ത് നല്‍കിയത്.
മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ് തുടങ്ങി വൻ വാഗ്ദാനങ്ങളാണ് സർക്കാർ നൽകിയതെന്ന് സാബു ജേക്കബ് പറയുന്നു. തുടർച്ചയായുള്ള റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിൻമാറുന്നുവെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചത്.
അതിന് പിന്നാലെ സാബു ജേക്കബിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കോൺഗ്രസും സി.പി.ഐ.എമ്മും ഒരു പോലെ വേട്ടയാടുന്ന കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നാണ് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ പറഞ്ഞത്.
കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായം ആരംഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ക്ഷേമപദ്ധതിക്കായി സർക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച കിറ്റെക്സ് എം.ഡി. സാബു ജേക്കബിന് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു. കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും പി. രാജീവ് കൂട്ടിചേർത്തു.