നിങ്ങൾ എസ്എസ്എൽസി തോറ്റതാണോ.? എങ്കിൽ കൊടൈക്കനാലിലേക്ക് വരൂ... കുടുംബത്തോടൊപ്പം രണ്ടു ദിനം സൗജന്യ താമസം; ഫ്രീ സ്റ്റേ പ്രഖ്യാപിച്ച് മലയാളി വ്യവസായി: കയ്യടിച്ച് സോഷ്യൽ മീഡിയ


സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 99.47 ശതമാനമാണ് വിജയശതമാനം. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. 0.53 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ പരാജയപ്പെട്ടത്. എന്നാല്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യുവമലയാളി വ്യവസായിയായ സുധി പ്രഖ്യാപിച്ച ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.

കൊടൈക്കനാലിലെ ദ ഹാമോക്ക്‌ ഹോം സ്‌റ്റേയ്‌സ് & കോട്ടേജസ് ഉടമയായ ഈ കോഴിക്കോട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടു. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്നാണ് ഈ ഓഫര്‍ കണ്ട് ആശ്ചര്യപ്പെടുന്നവരോട് സുധിക്ക് പറയാനുള്ളത്.

നിരവധി പേരാണ് സുധിയുടെ ഓഫറിനെ അനുകൂലിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ”അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്‌സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ന
ത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം”-വിമര്‍ശിക്കുന്നവരോട് സുധി പറയുന്നു."

സുധിയുടെ വാക്കുകൾ ഇങ്ങിനെ:

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇത്രമാത്രം വൈറലായത്. ഇന്ന് രാവിലെ മുതൽ എന്റെ ഫോണിന് വിശ്രമമില്ല. സംഭവം സത്യമാണോ എന്ന് അറിയാൻ വിളിക്കുന്നവരാണ്. പിന്നെ ഒരുപാട് കുട്ടികളും വിളിച്ചു. ‘ചേട്ടാ, കേട്ടത് സത്യമാണോ? ഇപ്പോൾ തന്നെ വരട്ടെ..’ എന്നൊക്കെ ചോദിച്ച്. സംഗതി സത്യമാണ്. ഈ എസ്എസ്എൽസി പരീക്ഷയ്ക്ക് തോറ്റുപോയ വിദ്യാർഥികൾക്ക് ധൈര്യമായി ബന്ധപ്പെടാം. എന്നിട്ട് വീട്ടുകാരെയും കൂട്ടി എന്റെ കൊടൈക്കനാലിലുള്ള ഹോം സ്റ്റേയിലേക്ക് വരാം. രണ്ട് ദിവസം സൗജന്യ താമസം ‍ഞാൻ നൽകാം. നിങ്ങൾക്ക് ഇവിടെ തോൽവി മറന്ന് ആസ്വദിക്കാം. തോറ്റുപോയവർ സൃഷ്ടിച്ച ലോകമാണ്, ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടി നേടുന്നത്.

തോൽക്കാൻ പല കാരണങ്ങളുണ്ടാകാം. ഒരുപക്ഷേ കോവിഡ് പ്രതിസന്ധി അവരെ തളർത്തിയിട്ടുണ്ടാകാം. വീട്ടിലെ പ്രശ്നങ്ങൾ അവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാകാം. പരീക്ഷ എഴുതാൻ ചെന്നപ്പോൾ ഓൺലൈനായി പഠിച്ചത് ഓർത്തെടുത്ത് എഴുതാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അവരെ മാറ്റിനിർത്തരുത്. ചേർത്തുപിടിക്കണം. പരീക്ഷയിൽ തോറ്റെങ്കിലും ആരെയും അമ്പരപ്പിക്കുന്ന കഴിവുകൾ അവരിൽ ഉണ്ടായിരിക്കാം. ഇതെല്ലാം മുന്നിൽ കണ്ടാണ് ഈ ഒരു പോസ്റ്റിട്ടത്. ഇത്രമാത്രം ശ്രദ്ധ കിട്ടുമെന്ന് കരുതിയില്ല.

ഹാമോക്ക് എന്ന പേരിലാണ് എന്റെ ഹോംസ്റ്റേ ബിസിനസ്. ഞാനും കുടുംബവും കഴിഞ്ഞ 15 വർഷത്തിലേറെയായി ഇവിടെയാണ്. കോവിഡ് വലിയ തിരിച്ചടിയാണ് നൽകിയത്. തോറ്റു െകാടുക്കാൻ പറ്റില്ലല്ലോ. അങ്ങനെ പൊരുതി മുന്നോട്ടുപോകുന്നു. തോറ്റെന്ന് നമ്മൾ കരുതുന്ന കുട്ടികൾ വരട്ടെ. ഇവിടെ ഉല്ലസിക്കട്ടെ. താമസത്തിന് പണം മുടക്കേണ്ട. അത് ഞാൻ സൗജന്യമായി നൽകും. അവരുടെ സങ്കടം തീരട്ടെ. തോറ്റവർക്ക് വീണ്ടും സ്വാഗതം.’ സുധി പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.