മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം


മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം. നാലിടങ്ങളിലാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. കൊങ്കണ്‍ മേഖലയിലും തെലങ്കാനയിലും അതിതീവ്ര മഴയില്‍ പ്രളയം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ 9 പേരാണ് മരണപ്പെട്ടത്. നൂറിലേറെ പേരെ രക്ഷിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മുംബൈയിലെ ഗോവന്തിയില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞു വീണാണ് മൂന്നു പേര്‍ മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റായ്ഗഡിലും രത്‌നഗിരിയിലും അതീവ രൂക്ഷമാണ് സാഹചര്യം. രണ്ട് ഡസനോളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് രത്‌നഗിരിയില്‍ നാവികസേനയുടെ ഏഴ് രക്ഷാപ്രവര്‍ത്തക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും കനത്ത മഴയാണ് ഈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.

റായ്ഗഡിലെ കാലായി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് റെയില്‍ ഗതാഗതം താറുമാറായി. മൂന്നുദിവസമായി തുടരുന്ന കനത്ത മഴയില്‍ കൃഷ്ണ, ഗോദാവരി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. തെലങ്കാനയിലെ ജനജീവിതവും പ്രളയത്തിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തദ്ദേശ ഭരണകൂടങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തിന്റെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.