അംഗപരിമിതയായ മകളുടെ ചികിത്സയ്ക്ക് കാർ വാങ്ങിയതിനാൽ റേഷൻ കാര്‍ഡ് വെള്ളയായി; ഫോൺ ഇൻ പരിപാടിയിൽ ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിലിന് മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി; കാർഡ് ഉടൻ തിരിച്ചു നൽകുമെന്ന് മന്ത്രിയുടെ മറുപടി


തിരുവനന്തപുരം: അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75 ശതമാനം അംഗപരിമിതയായ കുട്ടിയുടെ ചികിത്സാര്‍ത്ഥമാണ് കാര്‍ വാങ്ങിയതെന്ന് കുടുംബം പറയുന്നു.

ഭിന്നശേഷിക്ക് പുറമേ അപസ്‍മാരംകൂടിയുള്ള മകളെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് കുടുംബം പറയുന്നു. ബസിലോ ട്രെയിനിലോ കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാർ വാങ്ങിയത്. എന്നാല്‍ കാർ ഉടമ ആയതോടെ മുൻഗണനാവിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അതോടെ മുൻഗണയില്ലാത്ത വെള്ളക്കാർഡായി മാറിയെന്നും കുടുംബം പറയുന്നു.

എന്തായാലും സംഭവം ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. മന്ത്രി ജി ആർ അനിലിന്റെ ഫോൺ ഇൻ പരിപാടിയിൽ കുടുംബം പരാതി നല്‍കി. ഇതിനെത്തുടർന്ന്, കാർഡ് ഉടൻ മടക്കിനൽകുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നുകരുതി മുൻഗണനാവിഭാഗത്തിൽനിന്ന് ഒഴിവാക്കില്ലെന്നും കുടുംബത്തെ അറിയിച്ചു.

റേഷന്‍ കാര്‍ഡ് മുൻഗണനാവിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ ഈമാസം 15 വരെ സമയം നൽകിയിട്ടുണ്ട്. ആരെയും നിർബന്ധിച്ച് പിൻമാറ്റേണ്ടതില്ലെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. വ്യാഴാഴ്ചവരെ 69,873 പേർ സ്വയം ഒഴിവായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.