'മന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ചത് ഒത്തുതീര്‍പ്പിനല്ല, പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ': വിഷയം വളച്ചൊടിച്ചത് രണ്ടുപേർ തമ്മിലുള്ള വ്യക്തിവെെരാഗ്യമെന്ന് എംഎൽഎ തോമസ് കെ തോമസ്


കൊല്ലം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി തോമസ് കെ തോമസ് എംഎല്‍എ. പീഡനപരാതിയിലല്ല ഇടപെട്ടതെന്നും എന്‍സിപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നുമുള്ള മന്ത്രിയുടെ വാദത്തെ ശരിവെച്ചായിരുന്നു തോമസ് കെ തോമസിന്‍റെ പ്രതികരണം.

കുണ്ടറ ബ്ലോക്ക് പ്രസിഡന്റും എന്‍സിപിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായി മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിലായിരുന്നു മന്ത്രി ഇടപെട്ടത്. അതിനായി എന്‍സിപിയുടെ ഒരു ബ്ലോക്ക് പ്രസിഡന്റിനെയാണ് മന്ത്രി വിളിച്ചതെന്നും തോമസ് കെ തോമസ് പറഞ്ഞു.

പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണമെന്ന് ഒരു ബ്ലോക്ക് പ്രസിഡന്റിനെ വിളിച്ചാണ് മന്ത്രി പറഞ്ഞത്. അല്ലാതെ അനാവശ്യമായ ഒരു സംസാരവും അവിടെ നടന്നിട്ടില്ല. ഒത്തുതീര്‍പ്പല്ലായിരുന്നു അത്. എന്‍സിപി വളരെ ശക്തമായി മുന്നേറുന്ന ഈ സമയത്ത് ഒരു പ്രശ്‌നമുണ്ടാക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വിഷയമായതിനാല്‍ നിങ്ങള്‍ തമ്മില്‍ അതായത് ബ്ലോക്ക് പ്രസിഡന്റും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും തമ്മില്‍ ഒരു തീരുമാനത്തില്‍ എത്തണമെന്നാണ്. അല്ലാതെ ആ വിഷയത്തില്‍ ഒരു ദുരൂഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് പ്രസിഡന്റിന്റെ മകള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മത്സരിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് ഈ വിഷയവുമെന്നും തോമസ് കെ തോമസ് പറഞ്ഞു. ഈ വിഷയം തന്റെ മുന്നിലും വന്നിരുന്നെന്നും കുണ്ടറയിലെ വിഷയമായതിനാലാണ് ഇടപെടാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണത്തിന്റെ സത്യമറിയാന്‍ ജില്ലാ പ്രസിഡന്റിനെയടക്കം വിളിച്ച് കാര്യങ്ങള്‍ വ്യക്തമായതിന് ശേഷമാണ് പ്രതികരണമെന്നും എംഎല്‍എ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.