മുട്ടിൽ മരം മുറിക്കേസ്; പ്രതികൾക്ക് തിരിച്ചടി, മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിസർവ്വ് വനം തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സർക്കാർ വാദിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അതിനിടെ മുട്ടില്‍ മരംമുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് റവന്യൂമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കും. കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകേതര പ്രവര്‍ത്തികള്‍ അനുവദിക്കണമെന്ന ശ്രദ്ധക്ഷണിക്കല്‍ എം എം മണി അവതരിപ്പിക്കും. മരംമുറിക്കലില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ സമ്മതിച്ചിരുന്നു. ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായും വനം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളിപ്പെട്ടിരുന്നു.

മുട്ടില്‍ മരംമുറിക്കലില്‍ മാത്രം 14 കോടിയുടെ നഷ്ടമുണ്ടായി. കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ ഇനിയും കണ്ടെത്താനുള്ള മരങ്ങള്‍ കണ്ടെത്തി വിജിലന്‍സിന്റെ സഹായത്തോടെ വില കണക്കാക്കണം. താന്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊള്ളണമെന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയെന്ന് നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്. ഒരു അന്വേഷണവും നടത്താതെ മുഴുവന്‍ രാഷ്ട്രീയ യജമാനന്മാരെ രക്ഷിക്കാനുള്ള നടപടിയാണെന്നാണ് ആരോപണം. മികച്ച വില നല്‍കാമെന്ന് പറഞ്ഞ ആദിവാസികളെ പറ്റിച്ചു, അഞ്ച് ലക്ഷത്തിന്റെ മരത്തിന് 5000 രൂപയാണ് കൊടുത്തത്, കേരള ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത രീതിയിലുള്ള വനംകൊള്ളയാണ് നടന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.