നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയുടെ ജനാലയിൽ ഷാളിൽ കെട്ടിത്തൂക്കിയ നിലയിൽ


ബംഗളൂരൂ: നവജാത ശിശുവിനെ ആശുപത്രി ജനാലയിൽ തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയിയിലെ ജനാല കമ്പിയിൽ തൂങ്ങിയ നിലയിലാണ്‌ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞ് അല്ല മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രസവിച്ച ആറു സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത് അവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിക്ക് പുറത്തുനിന്ന് എത്തിയ സ്ത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശുപത്രി വാർഡിലെ സിസിടിവി ദൃശ്യങ്ങളില്‍, ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഷാൾ ഉപയോഗിച്ച് ശുചിമുറിയിലെ ജനാല കമ്പിയിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനം. സംഭവത്തിൽ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തെക്കുറിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഈ ആശുപത്രിയിൽ ആറ് പ്രസവങ്ങള്‍ നടത്തിയെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാല്‍ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചതാകാമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.