കുണ്ടറ പീഡനം; പരാതിക്കാരിയുടെ പിതാവിനെ എൻസിപിയിൽ നിന്നും പുറത്താക്കി


തിരുവനന്തപുരം: എകെ ശശിന്ദ്രന്റെ ഫോൺ വിളി വിവാദത്തിൽ നടപടിയുമായി എൻസിപി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ് പേരെയാണ് എൻസിപി സസ്പെൻഡ് ചെയ്തത്. പീഡന പരാതി നൽകിയ പെൺകുട്ടിയുടെ പിതാവും സസ്പെൻഡ് ചെയ്തവരിൽ പെടുന്നു. പാർട്ടിയുടെ സൽപേര് കളഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞു.

എകെ ശശീന്ദ്രനും പാർട്ടി താക്കീത് നൽകി. പാർട്ടി നേതാവെന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടതിൽ തെറ്റില്ല. എന്നാൽ മന്ത്രിയെന്ന നിലയിൽ ജാഗ്രത പാലിക്കണമെന്നാണ് ശശീന്ദ്രന് നൽകി താക്കീത്. പീഡന പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികൾ.

മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദത്തിൽ പാർട്ടിതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം ശരിവച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ചിരുന്നു. എ. കെ ശശീന്ദ്രനെ കുടുക്കാൻ പാർട്ടി നേതാക്കൾ തന്നെ ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിനും തീരുമാനമുണ്ട്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളായ എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരൻ, ട്രേഡ് യൂണിയൻ നേതാവ് രാജീവ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്ക് പുറമേ കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ബെനഡിക്റ്റ്, സംസ്ഥാന സമിതി അംഗം പ്രദീപ്, എൻസിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഹണി വിറ്റോ, എൻ വൈ സി കൊല്ലം ജില്ലാ പ്രസിഡൻറ് ബിജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

മന്ത്രിയുടെ ഫോൺ റെക്കോർഡ് ചെയ്തതും അതു പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ബെനഡിക്ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. കൂടാതെ ബെനഡിക്ട് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. സംസ്ഥാന സമിതി അംഗമായ പ്രദീപ് മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ആ ബന്ധം ഉപയോഗിച്ച് മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചത് പ്രദീപിന്റെ ഗൂഢാലോചനയാണ് എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. മഹിളാ നേതാവ് ഹണി വിറ്റോ ഫോൺ സന്ദേശം സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിച്ചു. യുവജന വിഭാഗം നേതാവ് ബിജുവിനെതിരേയും ഇതേ കുറ്റമാണ് എൻസിപി ആരോപിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.