മുംബൈ: വനിതാ ഡോക്ടറുടെ കുളിമുറിയിലും കിടപ്പുമുറിയിലും ഒളി ക്യാമറ സ്ഥാപിച്ച സംഭവത്തിൽ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് അറസ്റ്റിലായി. പൂനെയിലെ പ്രമുഖ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലാണ് സംഭവം. കുളിമുറിയിലെ ബൾബിൽനിന്ന് അസാധാരണ പ്രകാശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളി ക്യാമറ സ്ഥാപിച്ച വിവരം അറിഞ്ഞത്. വനിതാ ഡോക്ടർ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിലെ പ്രശസ്തനായ ന്യൂറോളജിസ്റ്റാണ് അറസ്റ്റിലായത്.
വനിതാ ഡോക്ടറുടെ ക്വാർട്ടേഴ്സിന് തൊട്ടടുത്താണ് ഈ ഡോക്ടർ താമസിച്ചിരുന്നത്.
അഞ്ചു ദിവസം മുമ്പാണ് കുളിമുറിയിലെ ബൾബിൽ മറ്റുനിറങ്ങളിലുള്ള പ്രകാശം ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ കിടപ്പുമുറിയിലെ പുതിയതായി മാറിയ ബൾബ് കത്താതിരുന്നതും സംശയത്തിന് ഇടയാക്കി. ഇതേത്തുടർന്ന് ഇലക്ട്രീഷ്യനെ വരുത്തി നടത്തിയ പരിശോധനയിലാണ് ബൾബിനുള്ളിൽ ഒളി ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയത്. തുടർന്ന് വനിതാ ഡോക്ടർ ആശുപത്രിക്ക് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രശസ്തനായ ഡോക്ടർ പിടിയിലായത്. മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സ് വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുതിർന്ന ഡോക്ടർ കുടുങ്ങിയത്. ഇയാൾ വനിതാ ഡോക്ടറുടെ ക്വാർട്ടേഴ്സിനുള്ളിൽ കടക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഡോക്ടർ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു