പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം വേണമെന്ന്- കേന്ദ്രം


ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും.

2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിലായി.

കഴിഞ്ഞ മെയ് മാസത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നത്. 1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ അവകാശം ഉണ്ടായിരുന്നത്.

ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. സിപിഐഎം നീക്കത്ത് എതിർത്തപ്പോൾ മുസ്ലിം ലീഗ് അപേക്ഷക്കെതിരെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്ന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വർഷങ്ങളായി ഇന്ത്യയിൽ തങ്ങുകയും മടങ്ങാൻ മറ്റ് ഇടങ്ങൾ ഇല്ലാത്തവർക്കുമാണ് പൗരത്വം നൽകുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.