ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ


മസ്‌കത്ത്: ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ദുല്‍ഹജ്ജ് പത്ത് മുതല്‍ 12 വരെയുള്ള മൂന്ന് ദിവസമായിരിക്കും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കും. മുസന്ദം ഗവര്‍ണറേറ്റിനെ സഞ്ചാരവലിക്കില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ കൊവിഡ് കേസുകളും ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും കുറവാണ്.

ദോഫാറിലേക്ക് ഗവര്‍ണറേറ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാനും സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ച 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കും ഒമാനിലുള്ള പ്രവാസികള്‍ക്കുമാണ് പ്രവേശനം. ഒമാനിലേക്ക് എട്ട് രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടംചേര്‍ന്നുള്ള ബലി പെരുന്നാള്‍ പ്രാര്‍ത്ഥനകളും പരമ്പരാഗത പെരുന്നാള്‍ ചന്തകളും നടത്താന്‍ പാടില്ലെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ടാകും.

ഒമാനില്‍ നിലവിലുള്ള സായാഹ്ന ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. ലോക്ക്ഡൗണ്‍ കാലയളവിൽ വൈകുന്നേരം അഞ്ച് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.