ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയില്‍ അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ വില്‍ക്കുന്ന സന്നദ്ധ സംഘടനാ മേധാവിക്കുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇദയം ട്രസ്റ്റ് ഡയരക്ടര്‍ ജി.ആര്. ശിവകുമാറില്‍നിന്ന് വാങ്ങിയെന്ന് പറയുന്ന രണ്ട് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് ദമ്പതികളില്‍നിന്നാണ് ഒരു വയസ്സായ ആണ്‍കുട്ടിയേയും രണ്ട വയസ്സായ പെണ്‍കുട്ടിയേയും രക്ഷപ്പെടുത്തിയത്. 40 സ്ത്രീകളും കുട്ടികളുമടക്കം 80 അന്തേവാസികളെ അനാഥാലയത്തില്‍നിന്ന് മാറ്റി.
മധുരയിലെ ഇദയം ഓഫീസില്‍നിന്ന് കമ്പ്യൂട്ടറുകളും രേഖകളും പോലീസ് പിടിച്ചെടുത്തു.
ശിവകുമാറും സഹായി മതര്ഷായും ഒളിവിലാണെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പാവങ്ങളേയും ഭവനരഹിതരേയും സംരക്ഷിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മധുരയില്‍ ഏറെ ശ്രദ്ധേയനാണ് ശിവകുമാര്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍, പോലീസ് വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശിവകുമാറിനെ പിടികൂടുന്നതിന് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
മധുരക്കടത്ത് മേലൂറിലെ പ്രാദേശിക സന്നദ്ധ പ്രവര്ത്തകന് അസ്ഹറുദ്ദീന് നല്കിയ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. നേരത്തെ ഒരു മാതാവിനേയും മക്കളേയും അസ്ഹറുദ്ദീന് ശിവകുമാറിന്റെ അഭയ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീയില്‍നിന്ന് രണ്ടു വയസ്സായ മകനെ വേര്‍പെടുത്തിയതായി ഏതാനും ദിവസങ്ങള്‍ക്കുശേഷം അസ്്ഹറുദ്ദീന് വിവരം ലഭിച്ചു. കോവിഡ് ബാധിച്ചതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് അന്വേഷണത്തില്‍ ലഭിച്ച മറുപടി.
കുട്ടി മരിച്ചുവെന്നും മൃതദേഹം സംസ്കരിച്ചുവെന്നുമാണ് പിന്നീട് ലഭിച്ച വിവരം. സംശയം തോന്നിയ അസ്ഹറുദ്ദീന് രാജാജി മെഡിക്കല്‍ കോളേജില്‍ അന്വേഷണം നടത്തിയപ്പോള്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമായി. കുട്ടിയുടെ മൃതേദഹം കാണാന്‍ മാതാവിനെ അനുവദിച്ചിരുന്നില്ലെന്ന കാര്യം അസ്ഹറുദ്ദീന് മധുര ജില്ലാ കലക്ടറെ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെന്നതിനും മരിച്ചതിനും സംസ്കരിച്ചതിനും വ്യാജരേഖകളുണ്ടാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ബോധ്യമായി. ഇതേ തുടര്‍ന്നാണ് അന്വേഷണം വിപുലമാക്കിയത്.
മധുര ജില്ലയിലെ എല്ലാ അഭയകേന്ദ്രങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു.