പെഗാസസ്; ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഉന്നത ആര്‍എസ്എസ് നേതാക്കളും, കേന്ദ്രത്തിനെ പ്രതിസന്ധിയിലാക്കാൻ പോകുന്ന പേരുകള്‍ വരാനിരിക്കുന്നതേയുളളൂ’: മാധ്യമപ്രവര്‍ത്തകന്‍- ജെ ഗോപീകൃഷ്ണന്‍


ന്യൂഡൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വരും ദിവസങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകുമെന്ന് ദ പയനിയര്‍ ലേഖകനും മലയാളി മാധ്യമപ്രവര്‍ത്തകനുമായ ജെ ഗോപീകൃഷ്ണന്‍. ഫോണ്‍ചോര്‍ത്തപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകില്‍ ഒരാളാണ് ജെ ഗോപീകൃഷ്ണന്‍. കാബിനറ്റിലുള്ള കൂടുതല്‍ മന്ത്രിമാര്‍ മുതല്‍ ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുടെ രേഖകള്‍ ചോര്‍ത്തപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം.

സുപ്രിം കോടതി ജഡ്ജിമാര്‍, സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍, ഇപ്പോള്‍ ഭരണഘടനാപദവിയിലിരിക്കുന്ന ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ എന്നിങ്ങനെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പട്ടികയിലെ കൂടുതല്‍ പേരുടെ പേരുകള്‍ പുറത്തുവരും. സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പേരുകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോള്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തുമായി സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.

2017 ലെ ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ അമേരിക്കയില്‍ ഒരു കേസ് നടക്കുന്നുണ്ട്. ആ കേസില്‍ അമേരിക്കന്‍ കോടതിയില്‍ പെഗാസസ് ഉടമകളായ എന്‍എസ്ഒ ടെക്‌നോളജീസ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത് സര്‍ക്കാരുകള്‍ മാത്രമാണ് സോഫ്റ്റ് വെയര്‍ നല്‍കുന്നത് എന്നാണ്. അമേരിക്കല്‍ കോടതിയില്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാകില്ല എന്നിരിക്കെ എന്‍എസ്ഒയുടെ ഈ സത്യ വാങ്മൂലം കള്ളമാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടന്നത് അനധികൃത ഫോണ്‍ ചോര്‍ത്തലാണെന്ന് തെളിയുകയാണെങ്കില്‍ ഞാനക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാന്‍ സാധിക്കും. എന്നാല്‍ വിദഗ്ദമായി ചാരപ്രവര്‍ത്തനം നടത്തുന്ന ഇസ്രയേലിന്റെ സാങ്കേതിക വിദ്യയെ മറികടന്ന് കേസ് തെളിയിക്കുക ബുദ്ധിമുട്ടാണ്. നിലവില്‍ മെക്രോസോഫ്റ്റും സിറ്റിസണ്‍ ലാബും നടത്തിയ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം വെളിവാക്കപ്പെട്ടത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര മാനങ്ങളുള്ള കേസാണ് സുപ്രിംകോടതിക്ക് കൈകാര്യം ചെയ്യേണ്ടിവരിക. എന്നാല്‍ സുപ്രിം കോടതി ജഡ്ജിമാരുടെ പേര് പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രശാന്ത് ഭൂഷനെ പോലെയുള്ളവര്‍ കോടതിയില്‍ പോയി അന്വേഷണം ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ കോടതി സ്വമേധയാ കേസെടുക്കാനും സാധ്യതയുണ്ടെന്നും ജെ ഗോപീകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ചോര്‍ത്തല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് മാസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും ജെ ഗോപീകൃഷ്ണന്‍ പറയുന്നു.

രണ്ടുമാസം മുന്‍പ് അമേരിക്കയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ഒരു പട്ടിക പുറത്തുവരുന്നുണ്ടെന്നും അതില്‍ നിങ്ങളുടെ പേരുണ്ടെന്നും അലര്‍ട്ട് നല്‍കിയിരുന്നു. എന്താണ് സംഭവിച്ചതെന്നെല്ലാം അന്വേഷിച്ചിരുന്നു. 2009 -ല്‍ ഡല്‍ഹിയില്‍ വന്നതുമുതല്‍ എന്റെ ഫോണും നമ്പറുകളും പരരീതിയില്‍ ചോര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷേ മൂന്ന് ദിവസം മുന്‍പ് ദ വയറിന്റെ ഭാഗത്തുനിന്നും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഭാഗത്തുനിന്നും എന്നോട് ഈ വിഷയത്തില്‍ അഭിപ്രായം തേടുകയും എന്റെ അഭിപ്രായം അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. അതേസമയം തന്റെ ഫോണ്‍ പെഗാസസ് വഴി ചോര്‍ത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.