ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 73 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഇന്ത്യന്‍ റെസ്ലര് പ്രിയ മാലിക്. ബെലാറസിന്റെ ക്സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ 73 കിലോഗ്രാം വിഭാഗത്തില്‍ കിരീടം നേടിയത്. ഈ വിജയത്തിലൂടെ, ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റായ് പ്രിയ മാലിക് ചരിത്രമെഴുതിയിരിക്കുകയാണ്.
പ്രിയക്ക് സ്വര്‍ണ മെഡല്‍ നേട്ടങ്ങള്‍ പുതുമയുള്ളതല്ല. 2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണം നേടിയ പ്രിയ 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു.
വ്യാഴാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനു വേണ്ടി 43 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു യുവ ഇന്ത്യന്‍ ഗുസ്തി താരം തനു കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ അമാന്‍ ഗുലിയ 48 കിലോഗ്രാം വിഭാഗത്തിലും സാഗര്‍ ജഗ്ലാനും 80 കിലോഗ്രാം വിഭാഗത്തിലും കിരീടങ്ങള്‍ നേടി ചരിത്രത്തില്‍ ആദ്യമായി ടീം ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു.
കൂടാതെ 65 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി വര്‍ഷ മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. ഇതിനു ശേഷമാണു പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത്. ഒളിമ്പിക്സില്‍ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ മീരഭായ് ചാനു വെള്ളിമെഡല്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് പ്രിയ മാലിക്കിന്റെ ഈ ചരിത്രനേട്ടം എന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനര്‍ഹമാണ്.
ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ചാനുവിന്റെ നേട്ടത്തിലൂടെ ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതിന് ശേഷം നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് ഈ ഇനത്തില്‍ മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല.
49 കിലോ ഭാരദ്വോഹത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്. സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തില്‍ വളര്‍ന്ന മീരാഭായ് ചാനുവിനെ കായിക താരമാകണമെന്നത് വലിയ ആഗ്രഹമായിരുന്നു. അമ്പെയ്ത്ത്കാരിയാകാനാണ് മീരാഭായി ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഭാരോദ്വഹനത്തിലാണ് തന്റെ സ്വപ്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വഴി മാറി സഞ്ചരിക്കേണ്ടി വന്നിട്ടും രാജ്യത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും കാത്ത് ഒളിമ്പിക് വേദിയില്‍ വെള്ളി മെഡലെന്ന ചരിത്രം നേട്ടം സ്വന്തമാക്കാന്‍ മീരാ ഭായിക്ക് സാധിച്ചിരിക്കുന്നു.