പാലക്കാട്: രമ്യ ഹരിദാസ് എം പി ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ യുവാവ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ് ആണ്.
രമ്യയ്ക്കെതിരെ മൊഴി നല്‍കിയിട്ടും കേസെടുത്തില്ല. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അപമാനിക്കുകയാണ്. ആരോപണം തെളിയിക്കാന്‍ എം പി തയ്യാറാവണം. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് റിപ്പബ്ലിക്ക് ഡെയ്ലിയോട് പറഞ്ഞു.
കൈയിൽ കയറി പിടിച്ചെന്നും ശല്യപ്പെടുത്തിയെന്നുമുള്ള രമ്യ ഹരിദാസ് എംപിയുടെ വാദം പച്ചക്കള്ളമാണെന്ന് കൊവിഡ് മാനദണ്ഡ ലംഘനം ചോദ്യം ചെയ്ത സനൂഫ് പറയുന്നു. വീഡിയോ എടുത്തില്ലായിരുന്നുവെങ്കിൽ നിരപരാധിത്വം തെളിയിക്കാനാകില്ലായിരുന്നു. അവര്‍ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് പറയുന്നു. വിഷയം തനിക്ക് നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും സനൂഫ് പറയുന്നു.
സനൂഫിന്റെ വാക്കുകളിങ്ങനെ:
‘കൈയില്‍ കടന്ന് പിടിച്ചെന്ന് മാത്രമല്ല അവര്‍ പറയുന്നത്. ഇന്ന് രാവിലെ ഒരു മാധ്യമത്തോട് എംപി പറഞ്ഞത് ഞാന്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടെന്നാണ്. ഓര്‍ഡര്‍ വന്നപ്രകാരമാണ് ഞാന്‍ അവിടെ പോയത്. അതിനെല്ലാം രേഖകളുണ്ട്. യാദൃശ്ചികമായാണ് സംഭവങ്ങളെല്ലാം നടന്നത്. എംപിയുമായി വ്യക്തമായ അകലം പാലിച്ചാണ് ഞാന്‍ നിന്നത്. സംസാരിച്ചതും വളരെ മാന്യമായാണ്. കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചപ്പോഴും ഫോണ്‍ പിടിച്ചുവാങ്ങിയപ്പോഴും മാന്യമായാണ് ഇടപ്പെട്ടത്.
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാകും. ഞാനും സുഹൃത്തും അവരെ ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. അവര്‍ ഇരിക്കാന്‍ പറയുമ്പോഴും ഞങ്ങള്‍ ഇല്ലെന്നാണ് പറഞ്ഞത്. എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം എംപി ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത്രത്തോളം രമ്യ ഹരിദാസ് തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയും മോശമായ കാര്യം ആരോപിക്കുമ്പോള്‍ എന്റെ ഭാവിയെ അത് ബാധിക്കും. മൂന്നു സ്വകാര്യകമ്പനിയിൽ എനിക്ക് ജോലി ശരിയായിട്ടുണ്ട്. എംപിയുടെ പരാമർശം എന്റെ ഭാവിയെ തകർക്കാൻപോന്നതാണ്.
ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ ഇടപെടുക പോലും രമ്യ ചെയ്തിട്ടില്ല. തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്,’ സനൂഫ് പറഞ്ഞു.
അതേസമയം ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എം പി ഒഴികെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കൈയേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.