റിയാദ്: റിയാദിനടുത്ത അൽമൻഫൂഹ ഡിസ്ട്രിക്ടിലെ അൽഹിജാസ് റോഡിൽ മദ്യലഹരിയിൽ മധ്യവയസ്കനായ അഫ്ഗാനിയുടെ പരാക്രമം. വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് റോഡ് മധ്യത്തിൽ ഈസി ചെയറിൽ ഇരുന്ന അഫ്ഗാനി റോഡിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. കൗതുക സംഭവം കണ്ട് നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടി. ഇതിനിടെ അഫ്ഗാനി കസേരയിൽ നിന്ന് നിലത്തുവീഴുകയും ചെയ്തു.
റോഡിൽ നിന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിന്റെ മുഖത്ത് അഫ്ഗാനി അടിക്കുകയും ചെയ്തു. യുവാവിനെ വീണ്ടും മർദിക്കാൻ അഫ്ഗാനി ശ്രമിച്ചെങ്കിലും മറ്റുള്ളവർ ചേർന്ന് തടഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വൈകാതെ വീഡിയോ വൈറലായി.