ചര്‍ച്ച പരാജയം; നാളെമുതൽ കടകള്‍ തുറക്കും, തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരികൾ


കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു. അശാസ്ത്രീയമായ ടി.പി.ആര്‍ കണക്കാക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വി.കെ.സി മമ്മദ് കോയയും പറഞ്ഞു. പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. അവര്‍ക്ക് വേണ്ട അടിയന്തര സഹായമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്. എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍
സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.